ആൽബർട്ട പ്രവിശ്യാ സർക്കാർ വസ്തുനികുതിയിൽ വരുത്തിയ വൻ വർദ്ധനവിനെതിരെ കാൽഗറി മേയർ ജെറോമി ഫർകാസ് പരസ്യമായി രംഗത്തെത്തി. നികുതി വർദ്ധന മൂലം കാൽഗറിയിലെ വീട്ടുടമസ്ഥർക്ക് ഏകദേശം 390 ഡോളറിൻ്റെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഇതിൽ വെറും 49 ഡോളർ മാത്രമാണ് നഗരസഭയുടെ വിഹിതമെന്നും ബാക്കി 338 ഡോളറും പ്രവിശ്യാ സർക്കാരിൻ്റെ വിദ്യാഭ്യാസ നികുതി വർദ്ധനവാണെന്നും മേയർ ചൂണ്ടിക്കാട്ടി.
ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണിതെന്നും മുനിസിപ്പാലിറ്റികളെ ഉപയോഗിച്ച് പണം പിരിച്ചെടുക്കുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ കാൽഗറിയിൽ നിന്നുള്ള പ്രവിശ്യാ നികുതി വിഹിതം 57 ശതമാനം വർദ്ധിച്ചതായും മേയർ കണക്കുകൾ നിരത്തി വ്യക്തമാക്കി. നികുതി വർദ്ധനവിന് പുറമെ ഫോട്ടോ റഡാർ പിഴകൾ നിർത്തലാക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെയും മേയർ വിമർശിച്ചു. ഇത് നഗരത്തിലെ അടിയന്തര സേവന വിഭാഗങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം പ്രവിശ്യയും നഗരസഭകളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ നല്ല ബന്ധമാണ് നിലനിൽക്കുന്നതെന്നും മുനിസിപ്പൽ കാര്യ മന്ത്രി ഡാൻ വില്യംസ് പറഞ്ഞു. പുതിയ വരുമാന മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. പ്രവിശ്യയും മുനിസിപ്പാലിറ്റികളും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധം ഫെഡറൽ ഗവൺമെൻ്റും പ്രവിശ്യകളും തമ്മിലുള്ളതിൽ നിന്നും വ്യത്യസ്തമാണെന്നും അദ്ദ്ദേഹം ഓർമ്മിപ്പിച്ചു.