സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ആദ്യ ഈസ്റ്റര്‍ ജാഗരണ ശുശ്രൂഷ

By: 600002 On: Apr 6, 2026, 11:51 AM



പി പി ചെറിയാന്‍

വത്തിക്കാന്‍: തന്റെ ഭരണകാലത്തെ ആദ്യ ഈസ്റ്റര്‍ ജാഗരണ ശുശ്രൂഷകള്‍ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നേതൃത്വം നല്‍കി. യുദ്ധങ്ങള്‍ തകര്‍ത്ത ലോകത്ത് സമാധാനവും ഐക്യവും പുലരണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ചുകൊണ്ട്, ഇരുളടഞ്ഞ ബസിലിക്കയിലേക്ക് തിരി തെളിയിച്ചു പ്രവേശിച്ച മാര്‍പ്പാപ്പ 'ക്രിസ്തുവിന്റെ പ്രകാശം മഹത്വത്തില്‍ ഉദിക്കുന്നു' എന്ന് പ്രഖ്യാപിച്ചു.

യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍, ശത്രുത അവസാനിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ലെന്ന് അദ്ദേഹം മുന്‍പ് ഓര്‍മ്മിപ്പിച്ചിരുന്നു.

യേശുവിന്റെ കല്ലറയ്ക്ക് മുകളിലുണ്ടായിരുന്ന കല്ല് പോലെ, ഭയം, സ്വാര്‍ത്ഥത, നീതികേട് തുടങ്ങിയ 'ഭാരമേറിയ കല്ലുകള്‍' ഹൃദയങ്ങളില്‍ നിന്ന് മാറ്റി പുതിയ ജീവിതത്തിലേക്ക് വരാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

പരമ്പരാഗത രീതികളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി, ഇത്തവണ പെസഹാ വ്യാഴാഴ്ച 12 വൈദികരുടെ പാദങ്ങളാണ് മാര്‍പ്പാപ്പ കഴുകിയത്. കൂടാതെ, ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും അദ്ദേഹം സ്വയം കുരിശ് വഹിച്ചത് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അപൂര്‍വ്വ കാഴ്ചയായി. ചടങ്ങുകളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 പേര്‍ക്ക് അദ്ദേഹം ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹം ലോകത്തിന് ഈസ്റ്റര്‍ സന്ദേശം  നല്‍കും.