കാനഡയുടെ കുടിയേറ്റ സംവിധാനം പ്രതിസന്ധിയിൽ; വ്യാപക ക്രമക്കേടുകൾ പുറത്ത്

By: 600110 On: Apr 6, 2026, 11:51 AM

കാനഡയുടെ കുടിയേറ്റ സംവിധാനം കടുത്ത അഴിമതിയും സുരക്ഷാ വീഴ്ചകളും നേരിടുന്നതായി ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്. രാജ്യാന്തര വിദ്യാർത്ഥി പ്രോഗ്രാമുകളിലെ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും വ്യാജ അപേക്ഷകൾ പരിശോധന കൂടാതെ അനുവദിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2023-നും 2024-നും ഇടയിൽ 1.53 ലക്ഷം വിദ്യാർത്ഥി അപേക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും, പ്രതിവർഷം കേവലം 2,000 കേസുകൾ മാത്രമാണ് അന്വേഷണത്തിന് വിധേയമാക്കിയത്. ബാക്കി 1.5 ലക്ഷത്തോളം കേസുകൾ അധികൃതർ പൂർണ്ണമായും അവഗണിച്ചു. അന്വേഷണം തുടങ്ങിയ കേസുകളിൽ പോലും വിദ്യാർത്ഥികൾ മറുപടി നൽകാത്തതിനെത്തുടർന്ന് നടപടികളില്ലാതെ ഫയലുകൾ ക്ലോസ് ചെയ്തു. ക്രമക്കേട് കണ്ടെത്തിയ 800 പെർമിറ്റുകളിൽ 92 ശതമാനവും അധികൃതർ അംഗീകരിച്ചു നൽകി.

ഇന്ത്യാ സർക്കാരിൻ്റെ കീഴിലുള്ള 'സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം' (SDS) വഴി എത്തുന്ന അപേക്ഷകളിൽ വലിയതോതിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, 2024 ആയപ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളുടെ അപ്രൂവൽ റേറ്റ് 98 ശതമാനമായി വർദ്ധിക്കുകയാണ് ചെയ്തത്. കുടിയേറ്റ നിയമങ്ങളിലെ പഴുതുകൾ ദുരുപയോഗം ചെയ്യുന്നതുമൂലം അഭയാർത്ഥി അപേക്ഷകരുടെ എണ്ണം കുതിച്ചുയരുകയാണ്. നിലവിൽ മൂന്ന് ലക്ഷത്തോളം അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്. സംവിധാനത്തിലുള്ള വിശ്വാസം തകരുന്നതായും തട്ടിപ്പുകൾ വ്യാപിക്കുന്നതായും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ പശ്ചാത്തലത്തിൽ കുടിയേറ്റ നിയമങ്ങളിൽ കർശനമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.