എഡ്മൻ്റണിലെ റോയൽ അലക്സാണ്ട്ര ആശുപത്രിയിലെ അത്യാഹിത വിഭാഗം കാത്തിരിപ്പുകേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന അക്രമത്തിൽ ഒരു രോഗിക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം 6:15-ഓടെ രണ്ട് പുരുഷന്മാർ തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട ആശുപത്രിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയായിരുന്നു. ആക്രമണത്തിൽ 42 വയസ്സുകാരനായ വ്യക്തിക്ക് ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹത്തെ അതേ ആശുപത്രിയിൽ തന്നെ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തു. മൂന്ന് മൂർച്ചയേറിയ ആയുധങ്ങളുമായി പിടിയിലായ പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ആശുപത്രി ജീവനക്കാരുടെയും പോലീസിൻ്റെയും സന്ദർഭോചിതമായ ഇടപെടൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയെന്ന് ആൽബർട്ടയിലെ ഹോസ്പിറ്റൽ ആൻഡ് സർജിക്കൽ ഹെൽത്ത് മന്ത്രി മാറ്റ് ജോൺസ് പറഞ്ഞു. എന്നാൽ, ഡോക്ടർമാരും നഴ്സുമാരും രോഗികളും ഉൾപ്പെടെ അൻപതോളം പേരുടെ മുന്നിൽ വെച്ച് നടന്ന ഈ ക്രൂരമായ ആക്രമണം ആശുപത്രികളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അടിയന്തര വിഭാഗങ്ങളിലെ സുരക്ഷാ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും പരിഹരിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം വിമർശിച്ചു. ആശുപത്രികൾ സുരക്ഷിതമായിരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഭീതി ഉണ്ടാക്കുമെന്നും നേതാക്കൾ പ്രതികരിച്ചു.