ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നത് കാനഡയിലെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ സിംഹഭാഗവും ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വർദ്ധനവ് ആഭ്യന്തര-അന്തർദേശീയ യാത്രക്കാരെ ഒരുപോലെ ബാധിക്കും. സാധാരണക്കാർക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഇത് വലിയ തിരിച്ചടിയായേക്കും. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വരാനിരിക്കുന്ന അധികച്ചെലവുകൾക്കായി യാത്രക്കാർ തയ്യാറെടുക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ ഒഴിവാക്കാനും വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനും കമ്പനികൾ നിർബന്ധിതരായേക്കും. വിമാനങ്ങളുടെ എണ്ണം കുറയുന്നത് കാനഡയിലെ ചെറിയ നഗരങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങളെ സാരമായി ബാധിച്ചേക്കാനിടയുണ്ട്. ടിക്കറ്റ് നിരക്ക് ഉയരുന്നത് വിനോദസഞ്ചാര മേഖലയെ തളർത്തുന്നതിനൊപ്പം കാനഡയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.