പി പി ചെറിയാന്‍
ന്യൂയോര്‍ക്: ന്യൂയോര്‍ക്കില്‍ 75 വയസ്സുള്ള മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയിലായി. ലോംഗ് ഐലന്‍ഡ് സ്വദേശിയായ ജോണ്‍ സ്ട്രാനോ (37) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകുന്നേരം വില്‍സ്റ്റണ്‍ പാര്‍ക്കിലെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രതി തന്റെ അമ്മയെ നിലത്തുതള്ളിയിടുകയും തല നിലത്തടിപ്പിക്കുകയും ചെയ്തു.
ഒരു മെറ്റല്‍ ക്ലാമ്പ് (ഇരുമ്പ് ഉപകരണം) ഉപയോഗിച്ച് തലയുടെ പിന്‍ഭാഗത്ത് അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. 'നീ എന്താണ് ഇപ്പോഴും ശ്വസിക്കുന്നത്?', 'നീ എന്താണ് ചാവത്തത്?' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് പോലീസ് പറയുന്നു.
ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് ബോധരഹിതയായ വൃദ്ധയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ നില തൃപ്തികരമാണ്.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് ഉടന്‍ തന്നെ സമീപപ്രദേശത്തുനിന്ന് പിടികൂടി. രണ്ടാം ഡിഗ്രി വധശ്രമം, മാരകായുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു.