പി പി ചെറിയാന്‍
ലോസ് ഏഞ്ചല്‍സ്: കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും അമേരിക്കന്‍ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. ഇവരുടെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കിയതായും രാജ്യം വിടാന്‍ ഉത്തരവിട്ടതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.
ഖാസിം സുലൈമാനിയുടെ അനന്തരവള്‍ ഹമീദ സുലൈമാനി അഫ്ഷറും മകളുമാണ് ലോസ് ഏഞ്ചല്‍സില്‍ വച്ച് പിടിയിലായത്.
ഇവര്‍ ഇറാനിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്നവരാണെന്നും അമേരിക്കയെ 'മഹാ സാത്താന്‍' എന്ന് വിശേഷിപ്പിച്ച് ആക്രമണങ്ങളെ ആഘോഷിച്ചവരാണെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
അമേരിക്കന്‍ വിരുദ്ധ ഭീകര ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് യുഎസില്‍ അഭയം നല്‍കില്ലെന്ന് റൂബിയോ എക്‌സിലൂടെ അറിയിച്ചു.
ഹമീദയുടെ ഭര്‍ത്താവിന് യുഎസിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കൂടാതെ, മുന്‍ ഇറാനിയന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുടെ മകളുടെയും ഭര്‍ത്താവിന്റെയും വിസ നേരത്തെ റദ്ദാക്കിയിരുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ശത്രു രാജ്യങ്ങളുമായി ബന്ധമുള്ളവര്‍ക്കെതിരെ ട്രംപ് ഭരണകൂടം കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. 2020-ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.