മാനിറ്റോബയിൽ 100 നഴ്‌സുമാരെ നിയമിക്കുമ്പോൾ 57 പേർ  ജോലി ഉപേക്ഷിക്കുന്നു; ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷം

By: 600110 On: Apr 4, 2026, 1:56 PM

കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ നേഴ്സുമാരുടെ നിയമനത്തിൽ വലിയ മുന്നേറ്റം നടക്കുമ്പോഴും, അതിനൊപ്പം തന്നെ സംഭവിക്കുന്ന കൊഴിഞ്ഞുപോക്ക് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. 2024 ഏപ്രിൽ മുതൽ 2025 മെയ് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം,  നിയമിക്കപ്പെടുന്ന ഓരോ 100 നേഴ്സുമാരിൽ 57 പേരും ജോലി ഉപേക്ഷിച്ചു പോകുന്നു എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ 1,697 നേഴ്സുമാരെ പുതുതായി നിയമിച്ചെങ്കിലും 962 പേർ വിരമിക്കൽ വഴിയോ രാജി വഴിയോ സ്വകാര്യ ഏജൻസികളിലേക്ക് മാറിയോ ജോലിയിൽ നിന്ന് ഒഴിഞ്ഞുപോയി. ഇത് നേഴ്സുമാരുടെ ആകെ എണ്ണത്തിൽ പ്രതീക്ഷിച്ച വർദ്ധനവ് ഉണ്ടാക്കുന്നതിൽ തിരിച്ചടിയാകുന്നു.

ജോലിഭാരവും കൃത്യമായ അംഗീകാരമില്ലാത്തതും മുതിർന്ന നേഴ്സുമാരിൽ നിന്നുള്ള മാർഗനിർദ്ദേശങ്ങളുടെ കുറവുമാണ് ഈ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ നിയമനങ്ങളിലൂടെ ആരോഗ്യസംവിധാനത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോഴും, നിലവിലുള്ള ജീവനക്കാരെ പിടിച്ചുനിർത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് വിദഗ്ധർ പറയുന്നു. നേഴ്സ്-രോഗി അനുപാതം ക്രമീകരിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, ഈ തൊഴിൽ മേഖലയിലെ മടുപ്പും നിരാശയും മാറ്റാൻ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ ആവശ്യമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.