കാനഡയിലെ കാൽഗറിയിൽ സൗത്ത്
ഏഷ്യൻ സമൂഹത്തെയും ഡേകെയർ സെൻ്ററുകളെയും കേന്ദ്രീകരിച്ച് നടന്ന പണം തട്ടൽ ശ്രമങ്ങളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 45 വയസ്സുകാരനായ റാണ ചീമയാണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 4-നും 22-നും ഇടയിലാണ് ഭീഷണിപ്പെടുത്തലുകൾ നടന്നത്. ഒരു വീടിന് നേരെയുള്ള വെടിവയ്പ്പ്, വസ്തുവകകൾ നശിപ്പിക്കൽ, തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വലിയ തുകകൾ ആവശ്യപ്പെട്ടും ബിസിനസ് സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചുമായിരുന്നു ഭീഷണികൾ. ഡേകെയറുകൾക്ക് നേരെ ഭീഷണി ഉയർന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് പോലീസ് കേസ് അന്വേഷിച്ചത്. നിലവിൽ കുട്ടികൾ സുരക്ഷിതരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളാണ് റാണ ചീമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഏപ്രിൽ 22-ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 15 മാസത്തിനിടെ കാൽഗറിയിൽ സമാനമായ 41 പണം തട്ടൽ ശ്രമങ്ങൾ നടന്നതായും അതിൽ 18 എണ്ണം വെടിവയ്പ്പിൽ കലാശിച്ചതായും പോലീസ് അറിയിച്ചു. ഇത്തരം ഭീഷണികൾ നേരിടുന്നവർ ഭയപ്പെടാതെ പരാതിയുമായി മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.