മനുഷ്യക്കടത്ത്: ബെഡ്ഫോര്‍ഡ് സ്വദേശിനിക്ക് 25 വര്‍ഷം തടവ്

By: 600002 On: Apr 4, 2026, 8:02 AM



 

പി പി ചെറിയാന്‍

ബെഡ്ഫോര്‍ഡ്(ടെക്‌സാസ് ): മസാജ് സെന്ററിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കുറ്റത്തിന് ടെക്‌സസിലെ ബെഡ്ഫോര്‍ഡ് സ്വദേശിനിയായ 47-കാരി ഫുജുന്‍ സുവിനെ കോടതി 25 വര്‍ഷം തടവിന് ശിക്ഷിച്ചു.

2023 മുതല്‍ ബെഡ്ഫോര്‍ഡ് പോലീസ് ഫുജുന്‍ സുവിന്റെ മസാജ് പാര്‍ലറുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു. 2023-നും 2024-നുമിടയില്‍ ഇവരുടെ മൂന്ന് സ്ഥാപനങ്ങള്‍ പോലീസ് പൂട്ടിച്ചു.

ജോലിക്കായി എത്തിയ യുവതിയുടെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും പിടിച്ചുവെച്ച് അവരെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചതായി പോലീസ് കണ്ടെത്തി. രാത്രികാലങ്ങളില്‍ യുവതികളെ സ്ഥാപനത്തിനുള്ളില്‍ പൂട്ടിയിടാറുണ്ടായിരുന്നുവെന്നും ഇരകള്‍ വെളിപ്പെടുത്തി.

ടാരന്റ് കൗണ്ടി ജൂറിയാണ് പ്രതിക്ക് 25 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. മസാജ് തെറാപ്പി എന്ന വ്യാജേന നടന്ന വലിയൊരു മനുഷ്യക്കടത്ത് ശൃംഖലയ്ക്കാണ് ഇതോടെ അറുതിയായത്.