കാനഡയിൽ കുതിച്ചുയരുന്ന ഇന്ധനവിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ ഫെഡറൽ നികുതികൾ ഈ വർഷം അവസാനം വരെ റദ്ദാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു. ഫെഡറൽ എക്സൈസ് നികുതിയും ജിഎസ്ടി സർചാർജുകളും ഒഴിവാക്കിയാൽ ലിറ്ററിന് 25 സെൻ്റ് വരെ കുറയ്ക്കാൻ കഴിയുമെന്നും, ഇത് ശരാശരി ഒരു കുടുംബത്തിന് ഈ വർഷം 1,200 ഡോളർ വരെ ലാഭിക്കാൻ സഹായിക്കുമെന്നും കൺസർവേറ്റീവ് നേതാവ് പിയറി പോയിലീവ്രെ ചൂണ്ടിക്കാട്ടി.
നിലവിൽ ലിറ്ററിന് രണ്ട് ഡോളറിന് മുകളിലാണ് പലയിടത്തും വിലയെന്നും, നികുതി ഭാരം കാരണം അമേരിക്കൻ ഉപഭോക്താക്കളെ അപേക്ഷിച്ച് കനേഡിയൻ ജനത 20 ശതമാനം അധികം പണം നൽകേണ്ടി വരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനിലെ യുദ്ധം പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായെങ്കിലും, കാനഡയിലെ ഇന്ധനവില ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്നുനിൽക്കാൻ കാരണം ലിബറൽ സർക്കാരിൻ്റെ നികുതി നയങ്ങളാണെന്നും പ്രതിപക്ഷം വിമർശിച്ചു.
ലിറ്ററിന് 10 സെൻ്റ് ഈടാക്കുന്ന ഫ്യൂവൽ എക്സൈസ് ടാക്സ് നിർത്തലാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ, ഏഴ് സെൻ്റ് വരുന്ന ക്ലീൻ ഫ്യൂവൽ സ്റ്റാൻഡേർഡ് ടാക്സും ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇതിന് പുറമെ ലിറ്ററിന് 8 സെൻ്റ് വരുന്ന ഗുഡ്സ് ആൻഡ് സർവീസ് ടാക്സും വെട്ടിക്കുറയ്ക്കണം. ഈ മാറ്റങ്ങൾ നടപ്പിലായാൽ ഇന്ധനവിലയിൽ ലിറ്ററിന് ആകെ 25 സെൻ്റിൻ്റെ കുറവുണ്ടാകും.യുദ്ധം തുടങ്ങിയതോടെ കാനഡയിലെ ഇന്ധനവില 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. അമേരിക്കക്കാരേക്കാൾ 20 ശതമാനം അധികം തുകയാണ് നിലവിൽ കാനഡക്കാർ ഇന്ധനത്തിനായി ചിലവഴിക്കുന്നത്. ഓസ്‌ട്രേലിയ, സ്പെയിൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം തന്നെ ഇന്ധനനികുതി കുറച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.