വിസ്‌കോണ്‍സിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷന്‍ വിഭാഗം തടങ്കലിലാക്കി

By: 600002 On: Apr 3, 2026, 9:12 AM



 

പി പി ചെറിയാന്‍

വിസ്‌കോണ്‍സിന്‍ : അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ ഏറ്റവും വലിയ മോസ്‌കിന്റെ പ്രസിഡന്റായ സലാ സര്‍സൂറിനെ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടങ്കലിലാക്കി. ഇസ്രായേലിനെ വിമര്‍ശിച്ചതിനാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടവും മതനേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പലസ്തീന്‍ സ്വദേശിയായ ഇദ്ദേഹം ദീര്‍ഘകാലമായി യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായി താമസിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി 'ഇസ്ലാമിക് സൊസൈറ്റി ഓഫ് മില്‍വാക്കി'യുടെ പ്രസിഡന്റാണ്.

മില്‍വാക്കിയിലെ വീടിന് പുറത്തുനിന്നാണ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഇന്‍ഡ്യാനപൊളിസിന് പുറത്തുള്ള ജയിലിലാണ് ഇദ്ദേഹമുള്ളത്.

സര്‍സൂര്‍ ഒരു വിദേശനയ ഭീഷണിയാണെന്നാണ്  ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതിനാലും പലസ്തീന്‍ അനുകൂലമായി സംസാരിക്കുന്നതിനാലും അദ്ദേഹത്തെ നിശബ്ദനാക്കാന്‍ നടത്തുന്ന നീക്കമാണിതെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു.

മില്‍വാക്കി മേയര്‍ കാവലിയര്‍ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അറസ്റ്റിനെ അപലപിച്ചു. വ്യക്തമായ തെളിവുകളില്ലാതെയുള്ള ഈ നടപടി അധികാരാതിക്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സര്‍സൂറിനെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകരും അറിയിച്ചു.