പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറല്‍ റാണ്ടി ജോര്‍ജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥാനത്തുനിന്നും നീക്കി. ജോര്‍ജിനോട് ഉടന്‍ വിരമിക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ജനറല്‍ റാണ്ടി ജോര്‍ജിന് പുറമെ ജനറല്‍ ഡേവിഡ് ഹോഡ്നെ, മേജര്‍ ജനറല്‍ വില്യം ഗ്രീന്‍ ജൂനിയര്‍ എന്നിവരെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്.
ഹെഗ്സെത്തിന്റെ മുന്‍ സഹായിയായിരുന്ന ജനറല്‍ ക്രിസ്റ്റഫര്‍ ലാനീവ് താല്‍ക്കാലിക കരസേനാ മേധാവിയാകും.
2023-ല്‍ ബൈഡന്‍ ഭരണകൂടമാണ് റാണ്ടി ജോര്‍ജിനെ നിയമിച്ചത്. സാധാരണ നാല് വര്‍ഷത്തെ കാലാവധിയുള്ള പദവിയില്‍ നിന്നാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി അദ്ദേഹത്തെ നീക്കം ചെയ്തിരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് നടത്തുന്ന സൈനിക അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി. നേരത്തെ സതേണ്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ആല്‍വിന്‍ ഹോള്‍സിയെയും ഇത്തരത്തില്‍ മാറ്റിയിരുന്നു.
ഇറാന്‍ യുദ്ധം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ സേനാ തലപ്പത്തുണ്ടായ ഈ മാറ്റം അമേരിക്കന്‍ സൈനിക വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.