43 വര്‍ഷത്തെ ജയില്‍വാസം; ഒടുവില്‍ സുബ്രഹ്‌മണ്യത്തിന് അമേരിക്കയില്‍ തുടരാം

By: 600002 On: Apr 3, 2026, 8:56 AM


 

പി പി ചെറിയാന്‍

കാലിഫോര്‍ണിയ: കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 43 വര്‍ഷം അമേരിക്കയില്‍ ജയില്‍വാസം അനുഭവിച്ച ഇന്ത്യന്‍ വംശജന്‍ സുബ്രഹ്‌മണ്യം 'സുബു' വേദത്തിന് (64) ആശ്വാസവിധി. ഇദ്ദേഹത്തെ നാടുകടത്തേണ്ടതില്ലെന്നും അമേരിക്കയില്‍ തന്നെ തുടരാമെന്നും  വ്യാഴാഴ്ച ഒരു ഇമിഗ്രേഷന്‍ ജഡ്ജി വിധിച്ചതായി സിഎന്‍എന്‍ (CNN) റിപ്പോര്‍ട്ട് ചെയ്യുന്നു. 

തെളിവുകള്‍ മറച്ചുവെച്ചാണ് 1983-ല്‍ വേദത്തെ ശിക്ഷിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ കൊലപാതകക്കുറ്റം കോടതി റദ്ദാക്കിയിരുന്നു.

കൊലപാതകക്കേസില്‍ മോചിതനായെങ്കിലും, 1983-ലെ ഒരു ലഹരിമരുന്ന് കേസ് (LSD) മുന്‍നിര്‍ത്തി ഇമിഗ്രേഷന്‍ വിഭാഗം (ICE) അദ്ദേഹത്തെ നാടുകടത്താന്‍ ശ്രമിച്ചു.

ജയിലില്‍ കഴിഞ്ഞ കാലയളവില്‍ വേദം നടത്തിയ സാമൂഹിക സേവനങ്ങളും ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളും കണക്കിലെടുത്താണ് ജഡ്ജി അനുകൂല വിധി പുറപ്പെടുവിച്ചത്. യുവാവായിരുന്നപ്പോള്‍ ചെയ്ത തെറ്റുകള്‍ക്ക് 43 വര്‍ഷത്തെ ജയില്‍വാസം വലിയ വിലയാണെന്ന് കോടതി നിരീക്ഷിച്ചു.