കാനഡയിലെയും അമേരിക്കയിലെയും വിൽപനക്കാർക്ക് തിരിച്ചടിയായി ആമസോണിൻ്റെ പുതിയ പരിഷ്കാരം. വർദ്ധിച്ചുവരുന്ന ഇന്ധനവിലയും ഗതാഗത ചെലവുകളും കണക്കിലെടുത്ത് വിൽപനക്കാരിൽ നിന്ന് 3.5 ശതമാനം 'ഫ്യുവൽ ആൻഡ് ലോജിസ്റ്റിക്സ് സർചാർജ്' ഈടാക്കാൻ കമ്പനി തീരുമാനിച്ചു. 2026 ഏപ്രിൽ 17 മുതൽ ഈ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
'ഫുൾഫിൽമെൻ്റ് ബൈ ആമസോൺ' എന്ന സേവനം ഉപയോഗിക്കുന്ന വിൽപനക്കാർക്കാണ് 3.5 ശതമാനം അധിക സർചാർജ് ബാധകമാകുന്നത്. അമേരിക്കയിൽ നിന്ന് കാനഡ, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലേക്ക് സാധനങ്ങൾ അയക്കുന്ന വിൽപനക്കാരും ഈ അധിക തുക നൽകേണ്ടി വരും. ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ മൂലം എണ്ണവില കുതിച്ചുയരുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ഇതുവരെ ഈ അധിക ചെലവുകൾ കമ്പനി തന്നെയാണ് വഹിച്ചിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് തുടരാനാകില്ലെന്നും ആമസോൺ വ്യക്തമാക്കി.
വിപണിയിലെ മറ്റ് പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികളെ അപേക്ഷിച്ച് തങ്ങൾ ഈടാക്കുന്ന സർചാർജ് വളരെ കുറവാണെന്ന് ആമസോൺ അവകാശപ്പെട്ടു. ശരാശരി ഒരു യൂണിറ്റിന് 0.17 ഡോളർ മാത്രമായിരിക്കും അധിക ബാധ്യത വരികയെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. തൊരു താൽക്കാലിക നടപടി മാത്രമാണെന്നും ആഗോള വിപണിയിൽ ഇന്ധനവില കുറയുന്നതിനനുസരിച്ച് സർചാർജിൽ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2026 മെയ് മാസത്തോടെ 'ബൈ വിത്ത് പ്രൈം' ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾക്കും ഈ സർചാർജ് ബാധകമാകും.ഉൽപ്പന്നങ്ങളുടെ വിൽപന വിലയെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും, വിൽപനക്കാരുടെ ലാഭവിഹിതത്തിൽ ഇത് കുറവുണ്ടാക്കുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.