എണ്ണയ്ക്ക് പിന്നാലെ ധാതുഖനനവിപ്ലവത്തിനൊരുങ്ങി ആൽബർട്ട; അത്യാധുനിക സാങ്കേതികവിദ്യയുമായി പുതിയ പദ്ധതി

By: 600110 On: Apr 3, 2026, 6:46 AM

ഷെയ്‌ൽ എണ്ണ ഖനനത്തിലൂടെ ലോകശ്രദ്ധ നേടിയ കാനഡയിലെ ആൽബെർട്ട പ്രവിശ്യ, ഇപ്പോൾ സമാനമായ രീതിയിൽ നിർണ്ണായക ധാതുക്കൾ ഖനനം ചെയ്യാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്കും പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾക്കും അത്യന്താപേക്ഷിതമായ ധാതുക്കൾ വേർതിരിച്ചെടുക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഷെയ്‌ൽ ഓയിൽ വേർതിരിച്ചെടുക്കാൻ ഉപയോഗിച്ച നൂതനമായ 'ഫ്രാക്കിംഗ്' പോലുള്ള സാങ്കേതിക വിദ്യകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലിഥിയം ഉൾപ്പടെയുള്ള മറ്റ് അപൂർവ്വ ധാതുക്കളും ഖനനം ചെയ്യാൻ കമ്പനികൾ തയ്യാറെടുക്കുന്നത്. ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെയും സ്മാർട്ട് ഫോണുകളുടെയും നിർമ്മാണത്തിന് ആവശ്യമായ ലിഥിയം അടക്കമുള്ള റെയർ എർത്ത് മൂലകങ്ങളുടെ വലിയൊരു ശേഖരം ആൽബെർട്ടയുടെ മണ്ണിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

ഈ പദ്ധതി വിജയിച്ചാൽ അത് പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ അടിമുടി മാറ്റുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ, ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധാതു ഇറക്കുമതി കുറയ്ക്കാനും കാനഡയ്ക്ക് ഇതിലൂടെ സാധിക്കും. പുതിയ ഖനന രീതികൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, നിലവിലുള്ള എണ്ണക്കിണറുകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഖനനം നടത്തുന്നത് പരിസ്ഥിതി ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് കമ്പനികൾ അവകാശപ്പെടുന്നു. എണ്ണ വ്യവസായം പോലെ തന്നെ ആൽബർട്ടയുടെ ഭാവി നിർണ്ണയിക്കുന്ന ഒന്നായി ഈ ധാതു ഖനന പദ്ധതി മാറുമെന്നാണ് സർക്കാർ വൃത്തങ്ങളുടെയും പ്രതീക്ഷ.