കുടിയേറ്റ നിയന്ത്രണത്തിന് പുതിയ നിയമവുമായി ആൽബർട്ട; വിദേശ തൊഴിലാളികൾക്ക് കർശന നിബന്ധനകൾ

By: 600110 On: Apr 3, 2026, 6:39 AM

ആൽബർട്ടയിൽ ജോലി ചെയ്യുന്ന താൽക്കാലിക വിദേശ തൊഴിലാളികളുടെ കാര്യത്തിൽ പ്രവിശ്യാ സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന  'ബിൽ 26' (ഇമിഗ്രേഷൻ ഓവർസൈറ്റ് ആക്ട്) അവതരിപ്പിച്ച് പ്രവിശ്യാ സർക്കാർ. വിദേശ തൊഴിലാളികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനും കുടിയേറ്റ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ നിയമം അനുസരിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻപ് തൊഴിലുടമകൾ ഇനി മുതൽ പ്രവിശ്യയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.  റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കും ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാർക്കും ഇനി പ്രവിശ്യാ സർക്കാരിൻ്റെ പ്രത്യേക ലൈസൻസ് ആവശ്യമാണ്.  വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകുന്നതും തൊഴിലാളികളിൽ നിന്ന് നിയമവിരുദ്ധമായി ഫീസ് ഈടാക്കുന്നതും നിരോധിച്ചു. തൊഴിലാളികളുടെ ഭയത്തെയോ അറിവില്ലായ്മയെയോ ചൂഷണം ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.

നിയമലംഘനം നടത്തുന്നവർക്ക് പിഴ, ലൈസൻസ് റദ്ദാക്കൽ, തടവുശിക്ഷ എന്നിവ ലഭിക്കാം. പരാതികൾ അന്വേഷിക്കാൻ പ്രത്യേക സംവിധാനവും സർക്കാർ ഏർപ്പെടുത്തും. ഭൂരിഭാഗം തൊഴിലുടമകളും നിയമങ്ങൾ പാലിക്കുന്നവരാണെങ്കിലും, സിസ്റ്റത്തിലുള്ള വിശ്വാസ്യത വർദ്ധിപ്പിക്കാനാണ് പുതിയ നിയമമെന്ന് സർക്കാർ വ്യക്തമാക്കി. ഫെഡറൽ സർക്കാരിൻ്റെ നയങ്ങൾ മൂലം പ്രവിശ്യയിൽ ജനസംഖ്യ അനിയന്ത്രിതമായി വർദ്ധിക്കുകയാണെന്നും, ഇത് ആരോഗ്യ-സാമൂഹിക സേവന രംഗങ്ങളിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും ആൽബർട്ട സർക്കാർ കുറ്റപ്പെടുത്തി.

അതേസമയം, പുതിയ നിയമം പുതുതായി എത്തുന്നവരെ അനാവശ്യമായി ലക്ഷ്യം വെക്കുന്നുവെന്നും കുടിയേറ്റം പൂർണ്ണമായും ഫെഡറൽ സർക്കാരിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്നുമാണ് വിമർശകർ വാദിക്കുന്നത്.