ഒൻ്റാരിയോയിൽ മിനിമം വേതനം ഒക്ടോബർ ഒന്നു മുതൽ മണിക്കൂറിന് 17.95 ഡോളറായി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ വേതനമായ 17.60 ഡോളറിൽ നിന്നാണ് ഈ വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഒൻ്റാരിയോ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് വർഷം തോറും മിനിമം വേതനത്തിൽ മാറ്റം വരുത്തുന്നത്.
ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ഈ പരിഷ്കാരത്തിലൂടെ പ്രതിവർഷം ശരാശരി 728 ഡോളറിൻ്റെ അധിക വരുമാനം ലഭിക്കുമെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന മിനിമം വേതന നിരക്കുകളിലൊന്നാണ് ഒൻ്റാരിയോയിലേതെന്ന് ലേബർ മിനിസ്റ്റർ ഡേവിഡ് പിസീനി അറിയിച്ചു. പണപ്പെരുപ്പം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഈ വർദ്ധനവ് ആശ്വാസകരമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. എന്നാൽ, ഗ്രേറ്റർ ടൊറൻ്റോ ഏരിയ പോലുള്ള നഗരങ്ങളിൽ മാന്യമായ ജീവിതസാഹചര്യത്തിന് മണിക്കൂറിന് 27.20 ഡോളർ വേതനം ആവശ്യമാണെന്ന് ഒൻ്റൈരിയോ ലിവിംഗ് വേജ് നെറ്റ്‌വർക്കിൻ്റെ പഠനങ്ങൾ പറയുന്നു.