കനേഡിയൻ ആശുപത്രികളിലെ അപകടകരമായ തിരക്കിനും രോഗികളുടെ സുരക്ഷയിലെ പോരായ്മകൾക്കുമെതിരെ ശബ്ദമുയർത്തുന്ന ഡോക്ടർമാർ കടുത്ത പ്രതികാര നടപടികൾ നേരിടുന്നതായി കനേഡിയൻ അസോസിയേഷൻ ഓഫ് എമർജൻസി ഫിസിഷ്യൻസ് . ഭരണതലത്തിലുള്ള ഭീഷണികൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ, തൊഴിൽപരമായ വേട്ടയാടൽ എന്നിവയിലൂടെ ഡോക്ടർമാരെ നിശബ്ദരാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ച് തുറന്നു പറയുന്ന ആരോഗ്യ പ്രവർത്തകർക്ക് ഫലപ്രദമായ നിയമപരിരക്ഷ ഉറപ്പാക്കണമെന്നും, ആരോഗ്യ സംവിധാനങ്ങളിലെ പാളിച്ചകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസർ ഹെൽത്ത് അതോറിറ്റിക്കെതിരെ ഡോ. കെറ്റ്‌ലിൻ സ്റ്റോക്ടൺ നടത്തുന്ന നിയമപോരാട്ടം ഈ വിഷയത്തിൽ നിർണ്ണായകമായ ഒന്നാണ്. അത്യാഹിത വിഭാഗത്തിലെ അമിത തിരക്കിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾക്കെതിരെയാണ് ഡോക്ടർ കോടതിയെ സമീപിച്ചത്.
അത്യാഹിത സാഹചര്യങ്ങളിൽ ആശുപത്രി വിഭവങ്ങൾ പുനർക്രമീകരിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ അനുമതി നൽകുന്നില്ലെന്നും ഇത് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം ഭീഷണികൾ ഡോക്ടർമാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.