കാൽഗറി നഗരത്തിൽ സമീപ വർഷങ്ങളിലുണ്ടായ അപ്രതീക്ഷിതമായ ജനസംഖ്യാ വർദ്ധനവ് സാമൂഹിക സേവന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർ്ട്ട. മുൻപത്തേക്കാൾ കൂടുതൽ ആളുകൾ നഗരത്തിലേക്ക് കുടിയേറുന്നതിനനുസരിച്ച് താമസം, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ പ്രയാസപ്പെടുകയാണ്.
വാടക കുത്തനെ ഉയർന്നതോടെ സാധാരണക്കാരായ പല കുടുംബങ്ങൾക്കും താങ്ങാനാവുന്ന നിരക്കിൽ വീടുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഇത് നഗരത്തിലെ അഭയകേന്ദ്രങ്ങളെയും ബാധിച്ചിട്ടുണ്ട്; മിക്കയിടങ്ങളും നിറഞ്ഞുകവിഞ്ഞതിനാൽ പലർക്കും പ്രവേശനം നൽകാൻ കഴിയുന്നില്ല. ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സന്നദ്ധ സംഘടനകളിലെ ജീവനക്കാരും വോളൻ്റിയർമാരും തങ്ങളുടെ പരിധിക്കപ്പുറം ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം നേരിടാൻ ആവശ്യമായ വിഭവങ്ങൾ അവരുടെ പക്കലില്ല. പല സേവന പദ്ധതികളിലും ഇപ്പോൾ നീണ്ട കാത്തിരിപ്പ് പട്ടികയാണുള്ളത്. പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സഹായം ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
സർക്കാർ നൽകുന്ന ഫണ്ട് നിലവിലെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് ഈ മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിറ്റികളിൽ നിന്നുള്ള സംഭാവനകൾ വലിയ ആശ്വാസമാണെങ്കിലും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്ക് അത് തികയുന്നില്ല. പുതുതായി എത്തുന്ന കുടിയേറ്റക്കാർ, മുതിർന്ന പൗരന്മാർ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ എന്നിവരാണ് ഈ സാഹചര്യം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ജനസംഖ്യാ വളർച്ച ഇതേ രീതിയിൽ തുടരുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് ഏജൻസികളുടെ മുന്നറിയിപ്പ്. കാല്ഗറിയിലെ പാർപ്പിട മേഖലയിലും സാമൂഹിക പദ്ധതികളിലും സർക്കാർ കൂടുതൽ നിക്ഷേപം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവർ ആവശ്യപ്പെടുന്നു.