എഡ്മൻ്റണിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ സ്വദേശി ചികിത്സയിൽ തുടരുകയാണ്. 37കാരനായ കുൽദീപ് രാജാണ് ആന്തണി ഹെൻഡേ ഡ്രൈവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുന്നത്. തെറ്റായ ദിശയിൽ വന്ന കാർ കുൽദീപിൻ്റെ വാഹനവുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. മാർച്ച് 14-ന് പുലർച്ചെ നടന്ന അപകടത്തിൽ കുൽദീപിൻ്റെ കാറിൽ ഇടിച്ച വാഹനത്തിൻ്റെ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുൽദീപ് ഇപ്പോൾ കോമ അവസ്ഥയിലാണ്. അദ്ദേഹത്തിൻ്റെ തലച്ചോറിനേറ്റ ക്ഷതം കാരണം ഗുരുതരമായ ഓർമ്മക്കുറവ് ബാധിച്ചിട്ടുണ്ടെന്നും, നിലവിൽ സ്വന്തം ഭാര്യയെയോ മക്കളെയോ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
രണ്ട് പെൺകുട്ടികളുടെ പിതാവായ കുൽദീപ് ആയിരുന്നു കുടുംബത്തിൻ്റെ ഏക വരുമാന സ്രോതസ്സ്. കാസിനോയിലെ ജോലിക്കൊപ്പം ഒരു മദ്യശാലയും നടത്തിവരികയായിരുന്നു അദ്ദേഹം. കുൽദീപിൻ്റെ ചികിത്സയ്ക്കും കുടുംബത്തിൻ്റെ സംരക്ഷണത്തിനുമായി ഇപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തിറങ്ങിയിട്ടുണ്ട്.
ചികിത്സാ ചിലവുകൾക്കായി ആരംഭിച്ച 'ഗോഫണ്ട്മി' കാമ്പയിനിലൂടെ അഞ്ച് ദിവസത്തിനുള്ളിൽ 30,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞു. എഡ്മൻ്റണിലെയും കാനഡയിലെയും നല്ലവരായ ആളുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ. കുൽദീപ് എത്രയും വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർ.