ലളിതജീവിതവും ആത്മീയതയും: സംഘര്‍ഷകാലത്തെ യഥാര്‍ത്ഥ മതമാര്‍ഗം

By: 600002 On: Apr 2, 2026, 4:20 AM



 

ജെയിംസ് കൂടല്‍ 


മാറിയ സമൂഹമാണിത്. അതുകൊണ്ടു തന്നെ മതജീവിതം പലപ്പോഴും അതിന്റെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് വഴിതെറ്റി കൊണ്ടിരിക്കുകയാണ്. ലളിതജീവിതത്തിനും സമാധാനത്തിനും വഴിയൊരുക്കേണ്ട മാര്‍ഗമാണ് മതം. എന്നാല്‍ പലപ്പോഴും ആഡംബരത്തിന്റെയും പ്രകടനവാദത്തിന്റെയും വേദിയായി മാറുന്ന കാഴ്ചകള്‍ ആശങ്കാജനകമാണ്.

ഇതിനോടൊപ്പം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തെ ആഴത്തില്‍ ബാധിച്ചിരിക്കുകയാണ്. ഒരിക്കല്‍ സംഭാവനകളുടെയും കാണിക്കകളുടെയും പ്രധാന ഉറവയായിരുന്ന പ്രവാസികളുടെ ജീവിതം ഇന്ന് അനിശ്ചിതത്വത്തിന്റെ വക്കിലാണ്. സാമ്പത്തിക പ്രവാഹം കുറയുമ്പോള്‍, സമൂഹവും മതസ്ഥാപനങ്ങളും ആത്മപരിശോധനയ്ക്ക് തയ്യാറാകേണ്ട സമയമാണിത്. മതങ്ങള്‍ മനുഷ്യനെ ആത്മീയതയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണ്. എന്നാല്‍ ഇന്ന് കാണുന്നത് അതിന്റെ വിരുദ്ധമായ പ്രവണതകളാണ്. ഭംഗിയാര്‍ന്ന കെട്ടിടങ്ങളും അമിത ചിലവുള്ള ആഘോഷങ്ങളും സാമൂഹിക മത്സരങ്ങളും  ഇവ ആത്മീയതയെക്കാള്‍ ഭൗതികതയ്ക്ക് പ്രാധാന്യം നല്‍കുന്നു.
ലളിതജീവിതം, വിനയം, കാരുണ്യം  ഇതാണ് യഥാര്‍ത്ഥ മതത്തിന്റെ അടിസ്ഥാനം. ഇതു നാം മറന്നും പോകുന്നു.

പ്രവാസികളെ ''കറവപ്പശുക്കള്‍'' പോലെ കാണുന്ന സമീപനം ഇനി തുടരാനാകില്ല. അവരുടെ ജീവിതം തന്നെ ഇന്ന് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍, പഴയപോലെ സംഭാവനകള്‍ പ്രതീക്ഷിക്കുന്നത് നീതിയുക്തമല്ല.

മതസ്ഥാപനങ്ങള്‍ അവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി, ഭാരം കുറയ്ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം സമയങ്ങളില്‍ പുരോഹിതന്മാരും മതനേതാക്കളും മാതൃകയാകണം. ഭൗതിക താല്‍പ്പര്യങ്ങളുടെ പിന്നാലെ പോകുന്ന ' ദൂര്‍ത്തുപുത്രന്മാര്‍'' ആകാതെ, ലളിതവും ആത്മീയവുമായ ജീവിതമാണ് അവര്‍ പ്രചരിപ്പിക്കേണ്ടത്.
കരുണയും സഹാനുഭൂതിയും ആണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ നേതൃത്വഗുണങ്ങള്‍.

ഇന്ന് നമ്മള്‍ കാണുന്ന മറ്റൊരു ദുഃഖകരമായ പ്രവണതയാണ്
മതസ്ഥാപനങ്ങള്‍ തന്നെ കോടികള്‍ ചെലവഴിച്ച് കോടതികളില്‍ കേസുകള്‍ നടത്തി, സംഘര്‍ഷങ്ങളും വിഭജനങ്ങളും വര്‍ദ്ധിപ്പിക്കുന്നത്. സഹിക്കാനും ശമിക്കാനും പഠിപ്പിച്ച മതം, ഇന്ന് എവിടെയാണ്? സഹനവും ക്ഷമയും ആയിരിക്കേണ്ടിടത്ത്, മത്സരം, തര്‍ക്കം, നിയമപോരാട്ടങ്ങള്‍ എന്നിവ മുന്‍നിരയിലേക്ക് വന്നിരിക്കുകയാണ്. ഇത് ആത്മീയതയുടെ വഴിയല്ല, അത് ഭൗതികതയുടെ താഴ്ചയാണ്.
മാറ്റത്തിനായുള്ള ആഹ്വാനം.

ഇന്ന് നമ്മള്‍ ചോദിക്കേണ്ടത്:
മതം മനുഷ്യനെ സേവിക്കുന്നുണ്ടോ, അല്ലെങ്കില്‍ മനുഷ്യന്‍ മതത്തിന്റെ ഭാരമോ? ഭംഗിയേക്കാള്‍ ഭാവം, കെട്ടിടങ്ങളേക്കാള്‍ കരുണ, ആഘോഷങ്ങളേക്കാള്‍ ആത്മപരിശുദ്ധി  ഇവയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഒരു മുന്നറിയിപ്പാണ്.
സമ്പത്ത് ശാശ്വതമല്ല, മനുഷ്യജീവിതമാണ് പ്രധാന്യം. മതങ്ങള്‍ നമ്മെ ഉയര്‍ത്തേണ്ടതാണ്. താഴ്‌ത്തേണ്ടതല്ല.
ആഡംബരവും ധൂര്‍ത്തും വിട്ട്, ലളിതജീവിതവും ആത്മീയതയും കൈകോര്‍ക്കുന്ന ഒരു സമൂഹം നമുക്ക് നിര്‍മ്മിക്കാം.

''ഭംഗിയല്ല, ഭാവമാണ് മതത്തിന്റെ ആത്മാവ്.'