വീടുകളിൽ ഒളിക്യാമറ സ്ഥാപിച്ച് നിരീക്ഷണം; പുതിയ മോഷണ രീതിക്കെതിരെ മുന്നറിയിപ്പുമായി ഒൻ്റാരിയോ പോലീസ്

By: 600110 On: Apr 1, 2026, 10:12 AM

വീടുകളിൽ അതിക്രമിച്ചു കയറി മോഷണം നടത്തുന്നതിനായി കള്ളന്മാർ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതായി യോർക്ക് റീജിയണൽ പോലീസ് മുന്നറിയിപ്പ് നൽകി. ഒൻ്റാരിയോയിലെ വോൺ നഗരത്തിൽ വീുടുകാരുടെ ദിനചര്യകൾ രഹസ്യമായി റെക്കോർഡ് ചെയ്യാൻ സ്ഥാപിച്ച ക്യാമറകളും ബാറ്ററി പാക്കുകളും പോലീസ് കണ്ടെടുത്തു. മരങ്ങൾക്കും ചെടികൾക്കും ഇടയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം പച്ചപ്പും ഇലകളും കൊണ്ട് മറച്ച നിലയിലായിരുന്നു ഈ ഉപകരണങ്ങൾ. വീട്ടുകാർ എപ്പോൾ പുറത്തുപോകുന്നുവെന്നും തിരികെ വരുന്നുവെന്നും കൃത്യമായി മനസ്സിലാക്കി മോഷണം ആസൂത്രണം ചെയ്യാനാണ് ഇത്തരം ക്യാമറകൾ ഉപയോഗിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഇലകൾക്കിടയിൽ ഒളിച്ചുവെക്കാവുന്ന തരം 'ക്യാമഫ്ലാഷ്' ആവരണമുള്ള ക്യാമറകളാണ് പ്രതികൾ ഇതിനായി തിരഞ്ഞെടുത്തത്. തങ്ങളുടെ വീടിൻ്റെ പരിസരത്തോ തൊട്ടടുത്തുള്ള സ്ഥലങ്ങളിലോ അപരിചിതമായ എന്തെങ്കിലും വസ്തുക്കളോ സംശയാസ്പദമായ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ പ്രദേശവാസികളോട് നിർദ്ദേശിച്ചു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീടിന് ചുറ്റുമുള്ള സുരക്ഷാ പരിശോധനകൾ കർശനമാക്കണമെന്നും പോലീസ് അറിയിച്ചു.