മൾട്ടിബില്യൺ ഡോളർ അതിവേഗ റെയിൽ പദ്ധതി റദ്ദാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ

By: 600110 On: Apr 1, 2026, 7:59 AM

ടൊറൻ്റോയ്ക്കും ക്യൂബെക് സിറ്റിക്കുമിടയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അതിവേഗ റെയിൽ പദ്ധതി കാനഡ സർക്കാർ റദ്ദാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ . പീറ്റർബറോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഈ വൻകിട പദ്ധതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. നികുതിപ്പണം പാഴാക്കുന്ന വികലമായ പദ്ധതിയണിതെന്ന് പറഞ്ഞ അദ്ദേഹം, ഇത് കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ തകർക്കുന്നതിനും കാരണമാകുമെന്ന് ആരോപിച്ചു. പദ്ധതിക്കായി 60 ബില്യൺ മുതൽ 90 ബില്യൺ ഡോളർ വരെ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

പദ്ധതിക്കെതിരെ കിഴക്കൻ ഒൻ്റാരിയോയിലെ കർഷക സംഘടനകളും പ്രാദേശിക നഗരസഭകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഈ റെയിൽ ഇടനാഴി തങ്ങളുടെ ജീവിതസാഹചര്യങ്ങളെ മോശമായി ബാധിക്കുമെന്നും സാധാരണക്കാർക്ക് ഇതുകൊണ്ട് ഗുണമൊന്നുമില്ലെന്നും അവർ വാദിക്കുന്നു. എന്നാൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ യാത്രാസമയം പകുതിയായി കുറയ്ക്കുമെന്നാണ് സർക്കാർ വാദം. നിലവിലുള്ള വിയാ റെയിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാതെ ഇത്തരം പുതിയ പദ്ധതികൾക്ക് പിന്നാലെ പോകുന്നത് സാമ്പത്തികമായ ബുദ്ധിശൂന്യതയാണെന്നും പൊയിലീവ്രെ കൂട്ടിച്ചേർത്തു. പദ്ധതിക്കായി ഉപയോഗിക്കുന്ന തുക രാജ്യത്തെ കടബാധ്യതകൾ കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്..