ഭാഷാ വിവാദത്തെത്തുടർന്ന് എയർ കാനഡ സി.ഇ.ഒ രാജിവെച്ചു. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് എയർ കാനഡ സി.ഇ.ഒ മൈക്കൽ റൂസ്സോ പുറപ്പെടുവിച്ച അനുശോചന സന്ദേശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതേ തുടർന്നാണ് രാജി.
ഫ്രഞ്ച് സംസാരിക്കുന്ന പൈലറ്റുമാരുടെ മരണത്തിൽ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തിറക്കിയതാണ് റൂസ്സോയുടെ രാജിയിലേക്ക് നയിച്ചത്. കാനഡയിലെ ഔദ്യോഗിക ഭാഷകളിലൊന്നായ ഫ്രഞ്ച് അവഗണിച്ചുവെന്നാരോപിച്ച് രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.
ഈ വിഷയത്തിൽ കാനഡയിലെ ഭാഷാ നിയമങ്ങൾ "കാപട്യവും അന്യായവുമാണെന്ന്" എക്സ് (X) ഉടമ ഇലോൺ മസ്ക് പ്രതികരിച്ചു. കാനഡയിൽ ഫ്രഞ്ച് ഭാഷ നിർബന്ധമാക്കുന്ന നിയമങ്ങൾ ഇംഗ്ലീഷിനെ തഴയുന്നവയാണെന്നും ഇത് പരസ്പരവിരുദ്ധമാണെന്നും മസ്ക് കുറ്റപ്പെടുത്തി. തൻ്റെ എ.ഐ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' നൽകിയ വിവരങ്ങൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം കാനഡയിലെ ഭാഷാ നയങ്ങളെ വിമർശിച്ചത്. അതേസമയം, രാജ്യത്തെ ദ്വിഭാഷാ സംസ്കാരം സംരക്ഷിക്കാൻ ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.