കാനഡ പോസ്റ്റ് ഡോർ-ടു-ഡോർ മെയിൽ ഡെലിവറി നിർത്തലാക്കുന്നു

By: 600110 On: Apr 1, 2026, 7:46 AM

കാനഡ പോസ്റ്റിൻ്റെ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു. നിലവിൽ ഈ സേവനം ലഭിക്കുന്ന ഏകദേശം 40 ലക്ഷത്തോളം വിലാസങ്ങളിൽ ഇനിമുതൽ കമ്മ്യൂണിറ്റി മെയിൽ ബോക്സുകൾ വഴിയായിരിക്കും കത്തുകൾ ലഭ്യമാകുക. കാനഡ പോസ്റ്റിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും നികുതിദായകരുടെ മേലുള്ള അധിക ബാധ്യത ഒഴിവാക്കുന്നതിനുമായി ഫെഡറൽ ഗവൺമെൻ്റ് നൽകിയ നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന നീക്കം.

അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി ഈ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും, ഇതിൽ ഭൂരിഭാഗവും വരും മൂന്ന് നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദേശീയ തപാൽ സേവനത്തിൻ്റെ നിലനിൽപ്പിന് ഇത്തരം പരിവർത്തനങ്ങൾ അനിവാര്യമാണെന്ന് കാനഡ പോസ്റ്റിൻ്റെ ചുമതലയുള്ള മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് പറഞ്ഞു. കാനഡ പോസ്റ്റ് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആവർത്തിച്ചുള്ള സർക്കാർ സഹായങ്ങൾ ഇതിനൊരു ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പരിഷ്കാരങ്ങളുടെ ഭാഗമായി അടിയന്തരമല്ലാത്ത തപാൽ ഉരുപ്പടികൾ വിമാനത്തിന് പകരം റോഡ് മാർഗ്ഗം എത്തിക്കാനും തീരുമാനമായിട്ടുണ്ട്. സേവന നിലവാരത്തിൽ മാറ്റം വരുത്തുന്നതിലൂടെയും റീട്ടെയിൽ ശൃംഖല ആധുനികീകരിക്കുന്നതിലൂടെയും സ്ഥാപനത്തെ ലാഭകരമാക്കുകയാണ് ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്.