ആൽബർട്ടയിലെ ജനാധിപത്യ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പ്രവിശ്യാ സർക്കാർ

By: 600110 On: Mar 31, 2026, 2:21 PM

ആൽബർട്ടയിലെ ജനാധിപത്യ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പ്രവിശ്യാ സർക്കാർ. നീതിന്യായ മന്ത്രി മിക്കി അമേരിയാണ് ഈ പുതിയ മാറ്റങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പൗരന്മാരുടെ നിവേദനങ്ങൾ , ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം, ശമ്പള വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ നിർദ്ദേശങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാഷ്ട്രീയരംഗത്തെ 'ഡീപ് ഫേക്ക്'  സാങ്കേതികവിദ്യയ്ക്കുള്ള നിരോധനമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകളോ ചിത്രങ്ങളോ ആണ് ഡീപ് ഫേക്കുകൾ.

രാഷ്ട്രീയ നേതാക്കൾ പറയാത്ത കാര്യങ്ങൾ പറഞ്ഞതായും ചെയ്യാത്ത കാര്യങ്ങൾ ചെയ്തതായും തോന്നിപ്പിക്കാൻ ഇത്തരം വ്യാജ നിർമ്മിതികൾക്ക് സാധിക്കും. ഡീപ് ഫേക്കുകൾ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് സർക്കാർ വിലയിരുത്തുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം വ്യാജ വീഡിയോകൾ നിർമ്മിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. വ്യക്തികൾക്ക് 10,000 ഡോളർ വരെയും സംഘടനകൾക്ക് ഒരു ലക്ഷം ഡോളർ വരെയുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

പൗരന്മാരുടെ നിവേദനങ്ങൾ സമർപ്പിക്കുന്നതിനും പുതിയ നിബന്ധനകൾ വരുന്നുണ്ട്. തിരഞ്ഞെടുപ്പിന് 12 മാസം മുൻപോ ശേഷമോ ഇത്തരം നിവേദനങ്ങൾ സമർപ്പിക്കാൻ അനുവാദമുണ്ടാകില്ല. തിരഞ്ഞെടുപ്പ് സമയത്തെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. നിവേദനങ്ങളിലൂടെ ആവശ്യപ്പെടുന്ന ഹിതപരിശോധനകൾക്ക്  ഇനി മുതൽ കൃത്യമായ സമയപരിധി ഉണ്ടായിരിക്കില്ല. വോട്ടെടുപ്പ് നിശ്ചയിക്കാൻ സർക്കാരിന് കൂടുതൽ സമയം നൽകാനാണ് ഈ മാറ്റം. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള നിയമങ്ങളിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്.  സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വിവരങ്ങൾ വെളിപ്പെടുത്തുന്ന നിയമവും പരിഷ്കരിച്ചു. ജനാധിപത്യ പ്രക്രിയ കൂടുതൽ സുതാര്യമാക്കാനാണ് ഈ പരിഷ്കാരങ്ങളിലൂടെ അൽബെർട്ട സർക്കാർ ലക്ഷ്യമിടുന്നത്.