പ്രതിഫലം നൽകി പ്ലാസ്മ ശേഖരിക്കുന്ന കാൽഗറിയിലെ സ്വകാര്യ ക്ലിനിക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഹെൽത്ത് കാനഡയുടെ കണ്ടെത്തൽ. രാജ്യത്തെ രക്തശേഖരണ ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഡിസംബറിൽ നടത്തിയ പരിശോധനയിൽ 'ഗ്രിഫോൾസ്' എന്ന സ്ഥാപനത്തിന് 'നോൺ-കംപ്ലയൻ്റ്' ഗണത്തിൽപ്പെടുത്തി. വിന്നിപെഗിലെ ഇതേ കമ്പനിയുടെ കേന്ദ്രങ്ങളിൽ പ്ലാസ്മ ദാനം ചെയ്ത രണ്ട് പേർ മരണപ്പെട്ട വാർത്തകൾക്ക് പിന്നാലെയാണ് കാൽഗറി കേന്ദ്രത്തിലെ വീഴ്ചകളും പുറത്തുവരുന്നത്.
ഹെൽത്ത് കാനഡയുടെ പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം, സൺറിഡ്ജ് വേയിലുള്ള ഈ കേന്ദ്രത്തിൽ പ്ലാസ്മ ദാതാക്കളുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുന്നതിലും രക്തശേഖരണത്തിനുള്ള അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വലിയ വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ, സെൻ്ററിലെ മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, ജീവനക്കാരുടെ പരിശീലനം, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയിലും ഗുരുതരമായ കുറവുകൾ കണ്ടെത്തിയിട്ടുണ്ട്.
കമ്പനിയുടെ വിന്നിപെഗ് കേന്ദ്രങ്ങളിലെ മരണങ്ങളെക്കുറിച്ച് ഹെൽത്ത് കാനഡ നിലവിൽ അന്വേഷണം നടത്തിവരികയാണ്. എന്നാൽ പ്ലാസ്മ ദാനവും മരണങ്ങളും തമ്മിൽ ഇതുവരെ നേരിട്ടുള്ള ബന്ധം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാനഡയിൽ പ്ലാസ്മ ദാനത്തിന് ശേഷം മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.