അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയുടെ കരാറുകാർക്ക് കാനഡയിലെ പ്രമുഖ ബാങ്കുകളും പെൻഷൻ ഫണ്ടുകളും ശതകോടികളുടെ സാമ്പത്തിക സഹായം നൽകുന്നതായി 'Stand.earth' എന്ന സംഘടനയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം 35 ബില്യൺ യു.എസ് ഡോളറാണ് കനേഡിയൻ ധനകാര്യ സ്ഥാപനങ്ങൾ വിവിധ നിക്ഷേപങ്ങളിലൂടെയും വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും ഈ മേഖലയിൽ എത്തിച്ചിരിക്കുന്നത്. വിവാദപരമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കും നാടുകടത്തൽ ക്യാമ്പുകളുടെ നടത്തിപ്പിനും സഹായം നൽകുന്ന പാലാന്റിർ , ജനറൽ ഡൈനാമിക്സ് , എ.ടി ആൻഡ് ടി തുടങ്ങിയ വൻകിട കമ്പനികളിലാണ് കാനഡയുടെ പണം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.
മനുഷ്യത്വരഹിതമായ നടപടികളിലൂടെ ആഗോളതലത്തിൽ വിമർശനം നേരിടുന്ന ഐ.സി.ഇ പ്രവർത്തനങ്ങളെ കനേഡിയൻ പൗരന്മാരുടെ സമ്പാദ്യമുപയോഗിച്ച് പിന്തുണയ്ക്കുന്നത് ധാർമ്മികമായി തെറ്റാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ പ്രധാന ബാങ്കുകളായ ടി.ഡി , ആർ.ബി.സി , സ്കോട്ടിയ ബാങ്ക്, സി.ഐ.ബി.സി , ബി.എം.ഒ എന്നിവ 2020 മുതൽ ഏകദേശം 23 ബില്യൺ ഡോളറിൻ്റെ വായ്പകളും ബോണ്ടുകളും ഇത്തരം കമ്പനികൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ, കാനഡ പെൻഷൻ പ്ലാൻ മാത്രം 1.6 ബില്യൺ ഡോളറാണ് ഈ മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്.
അതിർത്തിയിലെ നിരീക്ഷണ സംവിധാനങ്ങൾക്കും കുടുംബങ്ങളെ വേർപെടുത്തുന്ന തരത്തിലുള്ള കുടിയേറ്റ വിരുദ്ധ നീക്കങ്ങൾക്കും തങ്ങളുടെ നികുതിപ്പണവും പെൻഷൻ തുകയും വിനിയോഗിക്കപ്പെടുന്നത് കനേഡിയൻ ജനതയെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണെന്ന് Stand.earth ധനകാര്യ ഡയറക്ടർ റിച്ചാർഡ് ബ്രൂക്സ് വ്യക്തമാക്കി. സംഭവത്തിൽ ഗവൺമെൻ്റ് തലത്തിൽ അന്വേഷണം വേണമെന്നും കോർപ്പറേറ്റ് ധാർമ്മികത പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.