കൽഗറി പാർപ്പിട വിപണിയിൽ നയപരമായ മാറ്റം; ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

By: 600110 On: Mar 31, 2026, 2:08 PM

കാനഡയിലെ പാർപ്പിട വിപണിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് അയവു വരുന്നതായും വിപണിയിലേക്ക് പുതിയ വിഭാഗം ഉപഭോക്താക്കൾ കടന്നുവരുന്നതായും റിപ്പോർട്ട്. നിക്ഷേപകരും വീട് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവരും കേന്ദ്രീകരിച്ചിരുന്ന കാൽഗറിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇപ്പോൾ  ആദ്യമായി വീടു വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഫെഡറൽ ഗവൺമെൻ്റ് നൽകുന്ന ജി.എസ്.ടി ഇളവുകളും നഗരത്തിലെ വാടക വിപണിയിലുണ്ടായ ഇടിവുമാണ് ഈ മാറ്റത്തിന് പ്രധാന ഘടകങ്ങളായി  ചൂണ്ടിക്കാട്ടുന്നത്. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കൽഗറിയിൽ ലഭ്യമായ വാടക വീടുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിൽ നഗരത്തിലെ വാടക വീടുകളുടെ വേക്കൻസി റേഫ്ഫ് 5.5 ശതമാനമായി ഉയർന്നു. വാടക വരുമാനത്തിൽ പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ വന്നതോടെ പല നിക്ഷേപകരും വസ്തുവകകൾ വിറ്റഴിക്കാൻ തയ്യാറാകുന്നത് വിപണിയിൽ വീടുകളുടെ ലഭ്യത വർദ്ധിപ്പിച്ചു.

കുറഞ്ഞ പലിശനിരക്കും മെച്ചപ്പെട്ട വിപണി സാഹചര്യങ്ങളും പ്രയോജനപ്പെടുത്തി വാടകക്കാർ ഉടമകളായി മാറുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. നഗരമധ്യത്തിലെ അപ്പാർട്ട്മെൻ്റുകളിൽ നിന്നും മാറി മികച്ച സൗകര്യങ്ങളുള്ള നഗരപ്രാന്തങ്ങളിലെ സ്വതന്ത്ര വീടുകൾ സ്വന്തമാക്കാൻ സാധാരണക്കാർക്ക് ഇത് അവസരമൊരുക്കുന്നു. വിപണിയിലെ ഈ മാറ്റം എത്രകാലം തുടരുമെന്ന് പ്രവചിക്കാനാവില്ലെങ്കിലും, സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂലമായ സമയമാണെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.