ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കത്തനാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍. രാമാനന്ദ്, റോജിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. മലയാള സിനിമാ ആരാധകര്‍ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ ട്രെയ്‌ലര്‍ നല്‍കുന്നത്.
മുന്‍പ് സിനിമയുടെയും സീരിയലിലൂടെയുമൊക്കെ കടമറ്റത്ത് കത്തനാര്‍ എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടതും കണ്ടതുമായ കഥകളില്‍ നിന്ന് വ്യത്യസ്തമായി, ഈ കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചു കൊണ്ട്, ഒരു പുതിയ ആഖ്യാന ശൈലിയിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നമ്മള്‍ കണ്ട് ശീലിച്ച ഒരു പിരീഡ് ഫാന്റസി ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ദൃശ്യ ഭാഷയില്‍ ഒരുക്കിയ ചിത്രം, ഒന്‍പതാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്.