അരുന്ധതി റോയിക്ക് അമേരിക്കയിലെ നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരം

By: 600002 On: Mar 31, 2026, 8:18 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മീ' (Mother Mary Comes to Me) എന്ന ഓര്‍മ്മക്കുറിപ്പിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ (NBCC) പുരസ്‌കാരം ലഭിച്ചു. മാന്‍ഹട്ടനിലെ ന്യൂ സ്‌കൂളില്‍ മാര്‍ച്ച് 26-ന് നടന്ന ചടങ്ങിലാണ് 2025-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ആത്മകഥാ വിഭാഗത്തിലാണ് അരുന്ധതി റോയി ഈ നേട്ടം കൈവരിച്ചത്. ഒരു ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് എഴുത്തുകാരിയിലേക്കുള്ള അവരുടെ വളര്‍ച്ചയും അമ്മയുമായുള്ള ആത്മബന്ധവുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം.

അരുന്ധതി റോയിക്ക് വേണ്ടി സ്‌ക്രിബ്‌നര്‍ പബ്ലിഷര്‍ നാന്‍ ഗ്രഹാം അവാര്‍ഡ് ഏറ്റുവാങ്ങി. മാനുഷികമായ സുന്ദരവും വേദനാനിര്‍ഭരവുമായ സത്യങ്ങളെ വെളിപ്പെടുത്തുന്ന കൃതിയാണിതെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.

ജെറാള്‍ഡിന്‍ ബ്രൂക്‌സ്, ഹനീഫ് ഖുറേഷി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളെ പിന്തള്ളിയാണ് അരുന്ധതി റോയി പുരസ്‌കാരത്തിന് അര്‍ഹയായത്.

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര ചിന്തയും വെല്ലുവിളിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പുരസ്‌കാരങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് എന്‍.ബി.സി.സി പ്രസിഡന്റ് ആദം ഡാല്‍വ അഭിപ്രായപ്പെട്ടു.