ബാബു പി സൈമണ്‍, ഡാളസ്
ന്യൂയോര്‍ക്ക്: 2026 ല്‍ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ഉറപ്പാക്കാന്‍ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം അനിവാര്യമെന്ന് മുന്‍ പ്രതിപക്ഷ നേതാവും ഐ.എന്‍.സി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനുമായ രമേശ് ചെന്നിത്തല. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച വിപുലമായ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി (സെന്‍ട്രല്‍ ടൈം 8:30) നടന്ന യോഗത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്ന് വിലയിരുത്തിയ ചെന്നിത്തല, പ്രവാസി സമൂഹത്തിന് തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ഓര്‍മ്മിപ്പിച്ചു. പ്രവാസികള്‍ തങ്ങളുടെ നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കൃത്യമായി ബോധവല്‍ക്കരിക്കുകയും യു.ഡി.എഫിന് വോട്ട് ഉറപ്പാക്കുകയും, സോഷ്യല്‍ മീഡിയ വഴി കേരളത്തിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അമേരിക്കയിലെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം എന്നും, കേരളത്തിന്റെ ഭാവി വികസനത്തിന് യു.ഡി.എഫ് അധികാരത്തില്‍ വരിക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വരും നാളുകളില്‍ കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. സൂം പ്ലാറ്റ്ഫോമില്‍ നടന്ന ഈ യോഗം പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.
അമേരിക്കയിലെ ഓരോ പ്രവാസി മലയാളിയും യു.ഡി.എഫിന്റെ സന്ദേശവാഹകരായി മാറണമെന്നും, നാട്ടിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കുചേരണമെന്നും സംഘാടകര്‍ ആഹ്വാനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനായി സജീവമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.