ഐഒസി യുഎസ്എ കേരള ചാപ്റ്റര്‍ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

By: 600002 On: Mar 30, 2026, 10:01 AM

 

 

ബാബു പി സൈമണ്‍


ന്യൂയോര്‍ക്ക്: 2026-ല്‍ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റര്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 30, തിങ്കള്‍ (സെന്‍ട്രല്‍ ടൈം 8:30pm , ഈസ്റ്റേണ്‍ ടൈം 9:30pm) സംഘടിപ്പിക്കുന്ന പ്രത്യേക ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ മുന്‍ പ്രതിപക്ഷ നേതാവും ഐ.എന്‍.സി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനുമായ രമേശ് ചെന്നിത്തല എം.എല്‍.എ മുഖ്യാതിഥിയായി സംസാരിക്കും.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന സംഭാവനകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ വോട്ടുകള്‍ ഉറപ്പാക്കുന്നതിനൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതില്‍ പ്രവാസികള്‍ക്കുള്ള നിര്‍ണ്ണായക പങ്കിനെക്കുറിച്ച് രമേശ് ചെന്നിത്തല വിശദീകരിക്കും.

സൂം പ്ലാറ്റ്ഫോം വഴി നടക്കുന്ന ഈ മീറ്റിംഗില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നതില്‍ പ്രവാസി സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും, എല്ലാവരും ഈ ചര്‍ച്ചയില്‍ പങ്കുചേരണമെന്നും ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.