സാധാരണക്കാർക്ക് ആശ്വാസമായി ടൊറൻ്റോ നഗരസഭ; കുറഞ്ഞ നിരക്കിൽ പലചരക്ക് സാധനങ്ങൾ ലഭ്യമാക്കാൻ നഗരസഭയുടെ സ്വന്തം കടകൾ വരുന്നു

By: 600110 On: Mar 30, 2026, 9:56 AM

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വന്തം പലചരക്ക് കടകൾ ആരംഭിക്കാൻ തീരുമാനിച്ച് ടൊറൻ്റോ സിറ്റി കൗൺസിൽ. നഗരത്തിലെ കുറഞ്ഞ വരുമാനമുള്ള സാധാരണക്കാർക്ക് കൌൺസിലിൻ്റെ തീരുമാനം ഏറെ ആശ്വാസകരമാകും. ഭക്ഷണസാധനങ്ങളുടെ അമിതവില നിയന്ത്രിക്കുന്നതിനായി ആവിഷ്കരിച്ച ഈ പൈലറ്റ് പ്രോജക്റ്റിന് കൗൺസിൽ അംഗീകാരം നൽകി.

നഗരസഭ നേരിട്ട് നടത്തുന്ന നാല് കടകളാണ് ആദ്യഘട്ടത്തിൽ ടൊറൻ്റോയുടെ വിവിധ ഭാഗങ്ങളിലായി തുറക്കുക. ഹംബർ റിവർ-ബ്ലാക്ക് ക്രീക്ക് കൗൺസിലർ ആന്തണി പെറൂസയാണ് ഈ ജനപക്ഷ പദ്ധതിക്ക് മുൻകൈ എടുത്തത്. കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 21-നെതിരെ 3 വോട്ടുകൾക്കാണ് പദ്ധതി പാസ്സായത്. നഗരസഭ നേരിട്ട് നടത്തുന്നതിനാൽ ഈ കടകളിൽ ഇടനിലക്കാരുടെ അമിത ലാഭം ഒഴിവാക്കി വില കുറയ്ക്കാൻ സാധിക്കും.

നഗരസഭ ഈ കടകൾക്ക് വസ്തു നികുതിയും മറ്റ് വികസന ഫീസുകളും ഒഴിവാക്കി നൽകുന്നതിലൂടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കാൻ കഴിയും. വലിയ സൂപ്പർ മാർക്കറ്റുകൾ ഇല്ലാത്തതും സാധാരണക്കാർ കൂടുതൽ താമസിക്കുന്നതുമായ പ്രദേശങ്ങളിലാകും ഈ കടകൾ പ്രവർത്തിക്കുക.

ഈ പദ്ധതി വഴി ഒരു കുടുംബത്തിന് മാസത്തിൽ ഏകദേശം 40 മുതൽ 73 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. നിലവിൽ മെക്സിക്കോയിലും തുർക്കിയിലും സമാനമായ രീതിയിൽ നഗരസഭകൾ നടത്തുന്ന വിപണന കേന്ദ്രങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ആഗോളതലത്തിലെ ഈ മാതൃകകൾ പിന്തുടർന്നാണ് ടൊറൻ്റോയും പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്നത്. കടകൾ എന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന കാര്യത്തിൽ വിശദമായ പഠനത്തിന് ശേഷം അന്തിമ തീരുമാനമുണ്ടാകും.