കാനഡ ഫെഡറൽ എൻഡിപി നേതാവായി ആവി ലൂയിസ് തിരഞ്ഞെടുക്കപ്പെട്ടു; നയങ്ങളിൽ വിയോജിപ്പുമായി പ്രവിശ്യാ നേതൃത്വങ്ങൾ

By: 600110 On: Mar 30, 2026, 9:49 AM

 

കാനഡയിലെ ഫെഡറൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (NDP) പുതിയ അമരക്കാരനായി പ്രശസ്ത ചലച്ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ആവി ലൂയിസിനെ തിരഞ്ഞെടുത്തു. വിന്നിപെഗിൽ നടന്ന കൺവെൻഷനിൽ പോൾ ചെയ്ത 71,000 വോട്ടുകളിൽ 40,000-ത്തോളം വോട്ടുകൾ നേടിയാണ് ലൂയിസ് തൻ്റെ നാല് എതിരാളികളെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെടുത്തിയത്. കോർപ്പറേറ്റ് നികുതി വർദ്ധിപ്പിക്കുക, സർക്കാർ ഉടമസ്ഥതയിൽ ഗ്രോസറി സ്റ്റോറുകൾ ആരംഭിക്കുക തുടങ്ങിയ വിപ്ലവകരമായ ഇടത് നയങ്ങളാണ് തൻ്റെ നേതൃത്വത്തിൽ പാർട്ടി നടപ്പിലാക്കുകയെന്ന്  ലൂയിസ് പ്രഖ്യാപിച്ചു.

കാനഡയിലെ സാധാരണക്കാരായ 99 ശതമാനം ജനങ്ങളുടെയും ശബ്ദമായി എൻഡിപിയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ലൂയിസിൻ്റെ തീവ്ര ഇടത് നയങ്ങൾക്കെതിരെ എൻഡിപിയുടെ ആൽബർട്ട, സസ്കാച്ചവാൻ പ്രവിശ്യാ ഘടകങ്ങൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ആവി ലൂയിസിൻ്റെ ഊർജ്ജ-സാമ്പത്തിക നയങ്ങൾ പ്രായോഗികമല്ലെന്നും ഇത് ആൽബർട്ടയിലെയും സസ്കാച്ചവാനിലെയും തൊഴിലാളികളുടെ താൽപ്പര്യങ്ങളെ ഹനിക്കുമെന്നും ആൽബർട്ട എൻഡിപി നേതാവ് നഹീദ് നെൻഷിയും സസ്കാച്ചുവൻ നേതാവ് കാർല ബെക്കും വ്യക്തമാക്കി.

ഫോസിൽ ഇന്ധന മേഖലയോടുള്ള ലൂയിസിൻ്റെ നിലപാടുകൾ പ്രവിശ്യകളുടെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നാണ് ഇവരുടെ പ്രധാന ആരോപണം. പാർട്ടിയിൽ ആഭ്യന്തരമായ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഐക്യത്തോടെ മുന്നോട്ട് പോകാനാണ് തൻ്റെ ശ്രമമെന്ന് ലൂയിസ് പ്രതികരിച്ചു. ഹാമിൽട്ടണിൽ നിന്നുള്ള മുൻ എംപി മാത്യു ഗ്രീൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ലൂയിസിൻ്റെ വിജയത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.