'ഗോപിയോ' ഡാളസ് ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

By: 600002 On: Mar 30, 2026, 9:09 AM



 

പി പി ചെറിയാന്‍

ഡാളസ്: ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മയായ 'ഗോപിയോ' (Global Organization of People of Indian Origin) ഡാളസ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. 2026 മാര്‍ച്ച് 29 ഞായറാഴ്ച വൈകീട്ട് 2:30 നു ഡാളസിലെ ഭാരതീയ നിവാസില്‍ നടന്ന പരിപാടി, നോര്‍ത്ത് ടെക്‌സസിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലായി മാറി.

ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡി.സി. മഞ്ജുനാഥ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഭാരതവും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് (DFW) മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രൊഫഷണല്‍ നേതൃത്വത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ പാലമായി മാറാന്‍ പ്രവാസികള്‍ക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക പ്രൊഫഷണലുകളെയും സംരംഭകരെയും ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ഡാളസ് ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് മുത്തു മുതലിയാര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിനോദ് മണി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുക.അന്താരാഷ്ട്ര ഗോപിയോ ശൃംഖലയുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുക.വിവിധ തൊഴില്‍ മേഖലകളിലുള്ളവര്‍ തമ്മില്‍ അറിവുകളും സഹകരണവും പങ്കുവെക്കുക. പ്രൊഫഷണലുകള്‍ക്ക് വളരാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുക.സമൂഹത്തിന് സേവനം നല്‍കാനുള്ള അവസരങ്ങള്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുക.തുടങ്ങിയ  അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്,

'വ്യക്തികളുടെ ഒരു കൂട്ടായ്മ എന്നതിലുപരി, അന്താരാഷ്ട്ര തലത്തില്‍ നയരൂപീകരണത്തിലും ബിസിനസ്സിലും സാംസ്‌കാരിക കൈമാറ്റത്തിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു ശൃംഖലയായി നാം മാറുകയാണ്,' എന്ന് ഗോപിയോ ഡാളസ് ടീം വ്യക്തമാക്കി. 35 മില്യനോളം വരുന്ന ആഗോള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി നിലകൊള്ളുന്ന പക്ഷപാതരഹിതവും മതേതരവുമായ സംഘടനയാണ് ഗോപിയോ.

ഉച്ചയ്ക്ക് 2:30 മുതല്‍ 5:00 വരെ നടന്ന ചടങ്ങില്‍ പ്രമുഖ പ്രൊഫഷണലുകള്‍, കമ്മ്യൂണിറ്റി നേതാക്കളായ സണ്ണി മാളിയേക്കല്‍ (ഇന്ത്യന്‍ പ്രസ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ്), സ്റ്റാര്‍ ലൈന്‍ സജി (ഐ.പി.സി.എന്‍.എ പ്രസിഡന്റ്), രജു തരകന്‍ (എക്‌സ്പ്രസ്സ് ഹെറാള്‍ഡ്), തോമസ് ചിറമേല്‍ (ഡി മലയാളി), ഷിജു അബ്രഹാം (ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ്) തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഡാളസ് ചാപ്റ്റര്‍ കോഡിനേറ്റര്‍ പാട്രിഷ്യ ഉമാശങ്കര്‍ പ്രസ്സ് മീറ്റിന് നേതൃത്വം നല്‍കി.