അമേരിക്കന്‍ പൗരത്വം റദ്ദാക്കുന്ന നടപടികള്‍ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി; രണ്ട് പേര്‍ പുറത്ത്

By: 600002 On: Mar 30, 2026, 7:59 AM


 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങള്‍ മറച്ചുവെച്ചും അമേരിക്കന്‍ പൗരത്വം നേടിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് പേരുടെ പൗരത്വം കഴിഞ്ഞദിവസം റദ്ദാക്കി.

നിയമവിരുദ്ധമായി ആയുധക്കടത്ത് നടത്തിയ യുക്രെയ്ന്‍ സ്വദേശി വ്‌ലാഡിമിര്‍ വോള്‍ഗയേവ്, ആരോഗ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ മിറെലിസ് കബരേര ഡയസ് എന്നിവരുടെ പൗരത്വമാണ് കോടതി റദ്ദാക്കിയത്.

പൗരത്വത്തിന് അപേക്ഷിക്കുന്ന സമയത്ത് തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെച്ചു എന്നതും, പൗരത്വത്തിന് ആവശ്യമായ 'നല്ല സ്വഭാവരീതി' പാലിച്ചില്ല എന്നതുമാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കണ്ടെത്തല്‍.

'അമേരിക്കന്‍ പൗരത്വം എന്നത് വിശുദ്ധമായ ഒരു പദവിയാണ്, അത് കള്ളത്തരത്തിലൂടെ നേടിയെടുക്കാനുള്ളതല്ല,' എന്ന് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി വ്യക്തമാക്കി.

പൗരത്വ നടപടികള്‍ക്കിടെ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ സത്യം മറച്ചുവെക്കുകയോ ചെയ്യുക. അപേക്ഷ നല്‍കുന്ന സമയത്ത് പൗരത്വത്തിന് ആവശ്യമായ നിയമപരമായ യോഗ്യതകള്‍ ഇല്ലാതിരിക്കുക.എന്നീ രണ്ട് കാരണങ്ങളാലാണ് പ്രധാനമായും പൗരത്വം റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്

നിലവില്‍ ഇത്തരം കേസുകള്‍ കുറവാണെങ്കിലും (വര്‍ഷത്തില്‍ ശരാശരി 11 എണ്ണം), കുടിയേറ്റ ഏജന്‍സികള്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.