പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോള്‍ സെന്ററുകള്‍ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഇന്ത്യയെപ്പോലുള്ള ആഗോള ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് ഹബ്ബുകളെ ഈ നീക്കം കാര്യമായി ബാധിച്ചേക്കും.
വിദേശ കോള്‍ സെന്ററുകള്‍ വഴി സേവനം ലഭിക്കുന്നതില്‍ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അതൃപ്തിയും, വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത 'റോബോകാള്‍' തട്ടിപ്പുകളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് എഫ്സിസി ചെയര്‍മാന്‍ ബ്രണ്ടന്‍ കാര്‍ വ്യക്തമാക്കി.
യുഎസ് കമ്പനികളുടെ കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ തിരികെ അമേരിക്കയിലേക്ക് തന്നെ മാറ്റാന്‍ പ്രേരിപ്പിക്കുക. കോള്‍ സെന്റര്‍ ജീവനക്കാര്‍ക്ക് 'അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷില്‍' മികച്ച പ്രാവീണ്യം വേണമെന്ന് നിര്‍ബന്ധമാക്കും.
വിദേശ രാജ്യങ്ങളിലെ കോള്‍ സെന്ററുകള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും സാമ്പത്തിക തട്ടിപ്പുകളും തടയുക എന്നതാണ് ലക്ഷ്യം.
നിലവില്‍ 70 ശതമാനത്തോളം യുഎസ് കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ ഐടി അധിഷ്ഠിത സേവന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം.