ആൽബർട്ടയിൽ നടപ്പിലാക്കാൻ പോകുന്ന 'നോ-ഫോൾട്ട്' ഇൻഷുറൻസ് മാതൃകയിലൂടെ വാഹന ഉടമകൾക്ക് പ്രതിവർഷം ശരാശരി 258.87 ഡോളർ ലാഭിക്കാൻ കഴിയുമെന്ന് ആൽബർട്ട ഓട്ടോമൊബൈൽ ഇൻഷുറൻസ് റേറ്റ് ബോർഡിൻ്റെ പുതിയ റിപ്പോർട്ട് . അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് കോടതി നടപടികളിലൂടെ നഷ്ടപരിഹാരം തേടാനുള്ള അവകാശം പരിമിതപ്പെടുത്തുന്നതിലൂടെ നിയമച്ചെലവുകൾ കുറയുന്നതാണ് ഈ സാമ്പത്തിക ലാഭത്തിന് പ്രധാന കാരണം. മാനിറ്റോബയിലെ ഇൻഷുറൻസ് രീതിയെ മാതൃകയാക്കിയുള്ള ഈ പുതിയ സംവിധാനം 2027-ഓടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
നിയമയുദ്ധങ്ങൾ ഒഴിവാക്കി വേഗത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ അഭിപ്രായപ്പെട്ടു. അതേ സമയം, ഈ പരിഷ്കരണത്തെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. മാനിറ്റോബയിലെ ലാഭേച്ഛയില്ലാത്ത പൊതു ഇൻഷുറൻസ് മാതൃക ആൽബർട്ടയിലെ സ്വകാര്യ ഇൻഷുറൻസ് മേഖലയിൽ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ നിയമവിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വരുമാന നഷ്ടത്തിനുള്ള ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുന്നത് തട്ടിപ്പുകൾക്ക് കാരണമായേക്കാമെന്നും, വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള പ്രീമിയം തുക വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.