ആഗോള യാത്രാ ശൃംഖല പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് തങ്ങളുടെ പരിഷ്കരിച്ച പുതിയ വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 15 വരെ പ്രാബല്യമുള്ള പുതിയ പട്ടികപ്രകാരം ലോകമെമ്പാടുമുള്ള തൊണ്ണൂറിലധികം സ്ഥലങ്ങളിലേക്ക് വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ഏകോപിപ്പിച്ച് നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഫ്ലൈറ്റ് കോറിഡോറുകൾ വഴിയാണ് ദോഹയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിലവിൽ പ്രവർത്തിക്കുന്നത്.
ഖത്തർ എയർവേയ്സ് വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, കൺഫേം ആയ ടിക്കറ്റുകൾ ഉള്ളവർ മാത്രം വിമാനത്താവളത്തിൽ എത്തണമെന്നും എയർലൈൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി ടിക്കറ്റ് പുനഃക്രമീകരിക്കുന്നതിലും റീഫണ്ട് നൽകുന്നതിലും കമ്പനി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28-നും ജൂൺ 15-നും ഇടയിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക്, സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി 2026 ഒക്ടോബർ 31 വരെയുള്ള മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാൻ സാധിക്കും.
യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്നും, ഈ തുക 28 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. മറ്റ് സുരക്ഷ കാരണങ്ങൾ ഉൾപ്പെടെ മുൻ നിർത്തി ഷെഡ്യൂളുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ പരിശോധിക്കണമെന്നും കമ്പനി അറിയിച്ചു.