ഊബർ ഈറ്റ്‌സ് വഴിയുള്ള തട്ടിപ്പിൽ കാനഡയിലെ ബിസിനസുകാരന് 22 ലക്ഷം രൂപ നഷ്ടമായി. കാനഡയിലെ വിൻസറിൽ 'ഗൈറോസ് ആൻഡ് മോർ' എന്ന റസ്റ്റോറൻ്റ് ശൃംഖല നടത്തുന്ന കോസ്റ്റ അപാറ്റ്‌സിഡിസിന് ആണ് ഊബർ ഈറ്റ്‌സ് ആപ്പ് വഴി 27,000 ഡോളർ ഏകദേശം 22 ലക്ഷം രൂപ നഷ്ടമായത്. തൻ്റെ രണ്ട് സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ഊബർ ഈറ്റ്‌സ് നൽകിയ ടാബ്‌ലെറ്റിൽ ഹാക്കിംഗ് നടത്തി തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാറ്റുകയും പഴയ ഓർഡർ വിവരങ്ങൾ മായ്ച്ചു കളയുകയും ചെയ്തതായി കണ്ടെത്തി.
ഒരു വർഷത്തോളമായി പണം നഷ്ടപ്പെട്ടുകൊണ്ടിരുന്നിട്ടും ആദ്യം കൃത്യമായ മറുപടി നൽകാൻ തയ്യാറാകാതിരുന്ന ഊബർ അധികൃതർ, മാധ്യമങ്ങൾ ഇടപെട്ടതോടെയാണ് അക്കൗണ്ടിൽ ക്രമക്കേട് നടന്നതായി സമ്മതിച്ചത്. വിൻസർ പോലീസ് നിലവിൽ ഈ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. സമാനമായ രീതിയിലുള്ള തട്ടിപ്പുകൾ കാനഡയുടെയും അമേരിക്കയുടെയും വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ബിസിനസ് ഉടമകൾ തങ്ങളുടെ സൈബർ സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഊബർ ഈറ്റ്‌സ് നഷ്ടപരിഹാരമായി ഒരു തുക വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, കമ്പനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ തൻ്റെ എല്ലാ ഫ്രാഞ്ചൈസികളിൽ നിന്നും ഈ സേവനം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് അപാറ്റ്‌സിഡിസ്.