സതേണ്‍ കാലിഫോര്‍ണിയയില്‍ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിര്‍ദ്ദേശം

By: 600002 On: Mar 27, 2026, 8:12 AM



 

പി പി ചെറിയാന്‍

തൗസന്‍ഡ് ഓക്‌സ്: സതേണ്‍ കാലിഫോര്‍ണിയയിലെ ട്രെയിലുകളില്‍ വീണ്ടും അണലി (Rattlensake) കടിയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തതോടെ വിനോദസഞ്ചാരികള്‍ക്കും പദയാത്രികര്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൂര്‍പാര്‍ക്കില്‍ നിന്നുള്ള 46 വയസ്സുകാരി വൈല്‍ഡ് വുഡ് റീജിയണല്‍ പാര്‍ക്കില്‍ വെച്ച് കടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ മാസം ആദ്യം ഇര്‍വിനില്‍ വെച്ച് സമാനമായ രീതിയില്‍ 25 വയസ്സുകാരനും മരിച്ചിരുന്നു.

വെഞ്ചുറ കൗണ്ടിയില്‍ മാത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നാല് പാമ്പ് കടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ന്യൂബറി പാര്‍ക്കില്‍ വെച്ച് കടിയേറ്റ ഒരു പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കാല്‍നടപ്പാതകള്‍ മാത്രം ഉപയോഗിക്കുക, ഉയരമുള്ള പുല്ലുകള്‍ക്കിടയിലൂടെയോ അടയാളപ്പെടുത്താത്ത വഴികളിലൂടെയോ നടക്കുന്നത് ഒഴിവാക്കുക.അകലം പാലിക്കുക: പാമ്പിനെ കണ്ടാല്‍ പ്രകോപിപ്പിക്കാതെ ഏതാനും അടി പിന്നോട്ട് മാറി നില്‍ക്കുക.

വിഷം വലിച്ചെടുക്കരുത്: പണ്ട് ചെയ്തിരുന്നതുപോലെ മുറിവില്‍ നിന്ന് വിഷം വലിച്ചെടുക്കാനോ മുറിവിന് മുകളില്‍ ബാന്‍ഡേജ് ഇട്ട് മുറുക്കാനോ ശ്രമിക്കരുത്.ഐസ് ഉപയോഗിക്കരുത്: കടിയേറ്റ ഭാഗത്ത് ഐസ് വെക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

അനങ്ങാതെ ഇരിക്കുക: കടിയേറ്റാല്‍ പരിഭ്രമിക്കാതെ എത്രയും വേഗം 911-ല്‍ വിളിക്കുക. സഹായം എത്തുന്നത് വരെ ശരീരം അധികം അനക്കാതെ കിടക്കാന്‍ ശ്രമിക്കുക. 

കാലിഫോര്‍ണിയയില്‍ ഏഴ് ഇനം അണലികളുണ്ടെങ്കിലും ഇവ മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നത് കുറവാണെന്ന് വന്യജീവി വകുപ്പ് അധികൃതര്‍ പറഞ്ഞു.