കാൽഗറി നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ സന്തോഷം നൽകുന്ന വാർത്തയുമായി 'ടൂറിസം കാൽഗറി'. നഗരത്തിലെ പ്രധാനപ്പെട്ട 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആകർഷകമായ ഇളവുകളോടെ പ്രവേശനം സാധ്യമാക്കുന്ന 'അട്രാക്ഷൻസ് പാസ്' 2026-ലേക്കായി വീണ്ടും അവതരിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ഈ ജനപ്രിയ പദ്ധതി നടപ്പിലാക്കുന്നത്.
പൂർണ്ണമായും സജന്യമായ ഈ പാസ് ഓൺലൈൻ വഴി ആർക്കും സ്വന്തമാക്കാം. കാൽഗറി ടവർ, കാൽഗറി സൂ, ടെലസ് സ്പാർക്ക് സയൻസ് സെന്റർ, സ്റ്റുഡിയോ ബെൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ദ കോൺഫ്ലുവൻസ് ഹിസ്റ്റോറിക് സൈറ്റ്, വിൻസ്‌പോർട്ട്, ഹാങ്ങർ ഫ്ലൈറ്റ് മ്യൂസിയം എന്നിവയും ഈ പട്ടികയിലുണ്ട്.
പ്രത്യേകം ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യേണ്ടതില്ല. നിങ്ങളുടെ ഫോണിൽ ഇമെയിൽ വഴിയോ മെസ്സേജ് വഴിയോ ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാം. ഓരോ പാസ് ഉപയോഗിച്ചും ഓരോ കേന്ദ്രത്തിലും ഓരോ തവണ ഇളവുകൾ നേടാനാകും. 2026 ഡിസംബർ 31 വരെയാണ് ഈ പാസിൻ്റെ കാലാവധി.
നഗരത്തിലെ അത്ഭുതക്കാഴ്ചകൾ കുറഞ്ഞ ചെലവിൽ കാണാൻ നാട്ടുകാരെ പ്രോത്സാഹിപ്പിക്കുകയാണ് ടൂറിസം കാൽഗറി ഇതിലൂടെ ചെയ്യുന്നത്.ശാസ്ത്രം, സംഗീതം, ചരിത്രം എന്നിങ്ങനെ വിവിധ താൽപ്പര്യമുള്ളവർക്കായി ഒട്ടേറെ അവസരങ്ങൾ ഈ പാസ് വാഗ്ദാനം ചെയ്യുന്നു. സന്ദർശകർക്ക് കൂടുതൽ ലാഭകരമായ രീതിയിൽ നഗരം ചുറ്റിക്കാണാൻ ഇത് സഹായിക്കും. താഴെ പറയുന്ന ലിങ്കിലൂടെ പാസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭ്യമാകും. https://www.visitcalgary.com/