മെറ്റാ കമ്പനിയുടെ റേ-ബാൻ എഐ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ രഹസ്യമായി ചിത്രീകരിക്കുന്നത് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. സാധാരണ കണ്ണടകൾക്ക് സമാനമായ രൂപത്തിലുള്ള ഈ സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് മറ്റുള്ളവർ അറിയാതെ വീഡിയോ പകർത്താനും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും എളുപ്പമാണെന്നതാണ് പ്രധാന വെല്ലുവിളി.
വാൻകൂവർ സ്വദേശിനിയായ കാസ്സി സഞ്ജാനി എന്ന യുവതി നേരിട്ട അനുഭവം ഇതിന് ഉദാഹരണമാണ്. താൻ അറിയാതെ ഒരു അപരിചിതൻ പകർത്തിയ വീഡിയോ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ലക്ഷക്കണക്കിന് ആളുകൾ കാണാനിടയായത് അവരെ മാനസികമായി തളർത്തി. പൊതുസ്ഥലങ്ങളിൽ എപ്പോഴും ആരെങ്കിലും തന്നെ നിരീക്ഷിക്കുന്നുണ്ടോ എന്ന ഭയം (Hypervigilance) ഇത്തരം സംഭവങ്ങൾ മൂലം സ്ത്രീകളിൽ വർദ്ധിച്ചുവരികയാണെന്ന് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സാങ്കേതികവിദ്യ അതിവേഗം വളരുമ്പോഴും ഇത്തരം ഒളിക്യാമറ റെക്കോർഡിംഗുകളെ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്യുന്നതിനോ അവ തടയുന്നതിനോ നിലവിൽ വ്യക്തമായ നിയമങ്ങളില്ലാത്തത് ഒരു Legal grey zone സൃഷ്ടിക്കുന്നുണ്ട്. ഇത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും സ്റ്റാക്കിംഗിനും കാരണമായേക്കാം.