ഒൻ്റാരിയോയിൽ പുതിയ വീടുകൾക്ക് ഒരു വർഷത്തേക്ക് HST ഒഴിവാക്കുന്നു; വൻ പ്രഖ്യാപനവുമായി പ്രീമിയർ ഡഗ് ഫോർഡ്

By: 600110 On: Mar 26, 2026, 1:41 PM

 

ഒൻ്റാരിയോയിൽ പുതിയ വീടുകൾ വാങ്ങുന്നവർക്ക് ആശ്വാസമായി ഒരു വർഷത്തേക്ക് ഹാർമോണൈസ്ഡ് സെയിൽസ് ടാക്സ് (HST) ഒഴിവാക്കാൻ പ്രവിശ്യാ സർക്കാർ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ 10 ലക്ഷം ഡോളർ വരെ വിലയുള്ള പുതിയ വീടുകൾ വാങ്ങുന്നവർക്ക് 13 ശതമാനം നികുതിയും പൂർണ്ണമായും ഒഴിവാക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു. 15 ലക്ഷം ഡോളർ വരെയുള്ള വീടുകൾക്ക് പരമാവധി 1.3 ലക്ഷം ഡോളർ വരെ ഇളവ് ലഭിക്കും.

വീടിൻ്റെ വില വർദ്ധിക്കുന്നതിനനുസരിച്ച് ഇളവ് ആനുപാതികമായി കുറയുകയും 18.5 ലക്ഷം ഡോളർ വിലയുള്ള വീടുകൾക്ക് 24,000 ഡോളർ റിബേറ്റ് ലഭിക്കുകയും ചെയ്യും. ഉയർന്ന നിർമ്മാണച്ചെലവും സാമ്പത്തിക അനിശ്ചിതത്വവും കാരണം സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് ഈ നീക്കമെന്ന് മിസിസാഗയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രീമിയർ വ്യക്തമാക്കി. ഈ താൽക്കാലിക ഇളവ് സംസ്ഥാനത്തെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ഒൻ്റാരിയോയിൽ ഏകദേശം 8,000 പുതിയ ഭവന നിർമ്മാണങ്ങൾ അധികമായി ആരംഭിക്കാനും 21,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

ഇതുവഴി സംസ്ഥാനത്തിൻ്റെ ജിഡിപിയിൽ 2.7 ബില്യൺ ഡോളറിൻ്റെ വളർച്ചയുണ്ടാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ഈ ഇളവ് ലഭിക്കുന്നതിനായി 2026 ഏപ്രിൽ ഒന്നിനും 2027 മാർച്ച് 31-നും ഇടയിൽ കരാറിൽ ഒപ്പിടണം. സ്വന്തം താമസത്തിനായി വാങ്ങുന്ന വീടുകളുടെ നിർമ്മാണം 2028 ഡിസംബർ 31-നകം ആരംഭിക്കുകയും 2031 ഡിസംബറോടെ പൂർത്തിയാക്കുകയും വേണമെന്ന നിബന്ധനയുമുണ്ട്. വാടകയ്ക്ക് നൽകാനുള്ള വീടുകളാണെങ്കിൽ 2029 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം.