ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ 19 വയസ്സുകാരനായ കനേഡിയൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്യുബെക് സ്വദേശിയായ ട്രിസ്റ്റൻ പ്രൈമോക്സ്-പോയിട്രാസ് ആണ് കൊല്ലപ്പെട്ടത്. പ്യൂർട്ടോ പ്ലാറ്റയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണത്തിനായി സഹോദരനൊപ്പം സ്കൂട്ടറിൽ പുറത്തുപോയി മടങ്ങിവരുന്നതിനിടെ മോട്ടോർ സൈക്കിളിലെത്തിയ സംഘം ഇവരെ പിന്തുടരുകയായിരുന്നു. കവർച്ചാ ശ്രമത്തിനിടെ അക്രമികൾ നടത്തിയ വെടിവെപ്പിൽ ട്രിസ്റ്റൻ്റെ ശരീരത്തിൻ്റെ ഇടതുഭാഗത്ത് വെടിയേൽക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്യൂർട്ടോ പ്ലാറ്റ സ്വദേശികളായ ജോർഡി യൂനിയർ സെവേരിയാനോ (23), റാഞ്ചൽ മെറെറ്റെ റോഡ്രിഗസ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട യുവാവിൻ്റെ സഹോദരൻ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സാൻ്റിയാഗോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിലേക്ക് മാറ്റി. കാനഡ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ട്രിസ്റ്റൻ്റെ ജന്മനാടായ സെയിൻ്റ്-ജൂലിയൻ മുനിസിപ്പാലിറ്റി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.