കാനഡയിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കടുത്ത ക്ഷാമം; വിമാനയാത്ര സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക

By: 600110 On: Mar 26, 2026, 9:56 AM

 

കാനഡയിലെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ഓരോ വർഷവും വിരമിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണത്തിന് ആനുപാതികമായി പുതിയ ആളുകളെ നിയമിക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ രാജ്യത്ത് ഏകദേശം 1,500 കൺട്രോളർമാരുടെ കുറവുണ്ടെന്ന് വ്യോമയാന വിദഗ്ധനായ ജോൺ ഗ്രേഡെക് വ്യക്തമാക്കുന്നു.

ഓരോ വർഷവും 150-ഓളം കൺട്രോളർമാർ വിരമിക്കുമ്പോൾ, ആ ഒഴിവുകൾ നികത്താൻ ആവശ്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ എത്തുന്നില്ല. അതീവ ശ്രദ്ധയും പ്രത്യേക കഴിവും ആവശ്യമുള്ള ഈ ജോലിയിലേക്ക് ആളുകളെ എത്തിക്കുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്.   എയർ ട്രാഫിക് കൺട്രോളർ ആകാനുള്ള പരിശീലനം 10 മുതൽ 27 മാസം വരെ നീണ്ടുനിൽക്കുന്നതാണ്. പരിശീലനത്തിന് എത്തുന്നവരിൽ വെറും 10 ശതമാനം പേർക്ക് മാത്രമാണ് കാനഡയിൽ ജോലി നേടാൻ സാധിക്കുന്നത്.

ഉയർന്ന ശമ്പളവും മികച്ച സൗകര്യങ്ങളും ഉണ്ടായിട്ടും കാനഡയിലെ പല ഉദ്യോഗസ്ഥരും ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ജോലികളിലേക്ക് മാറുകയാണ്.പരിശീലന കാലയളവിൽ 60,000 ഡോളർ വരെ ശമ്പളം ലഭിക്കും. ജോലിയിൽ പ്രവേശിച്ചാൽ ഇത് പ്രതിവർഷം 2,00,000 ഡോളർ വരെയായി ഉയരാം. 2023 മുതൽ 600-ലധികം പ്രൊഫഷണലുകളെ നിയമിച്ചതായി Nav Canada അറിയിച്ചു. റിക്രൂട്ട്‌മെൻ്റ് നടപടികൾ വേഗത്തിലാക്കാൻ ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ നിർദ്ദേശിച്ചിട്ടുണ്ട്.