വരാനിരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ഒൻ്റാരിയോ നിവാസികൾ തയ്യാറെടുക്കണമെന്ന് ധനമന്ത്രി പീറ്റർ ബെത്‌ലൻഫാൽവി. 2026-ലെ പ്രവിശ്യാ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കഠിനമാണെങ്കിലും, പ്രവിശ്യയിലെ പൊതുമേഖലാ ജീവനക്കാരുടെ തൊഴിലവസരങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
മറ്റ് പല പ്രവിശ്യകളും സാമ്പത്തിക ലാഭത്തിനായി നികുതി വർദ്ധിപ്പിക്കുകയും തൊഴിലുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുമ്പോൾ, ഒൻ്റാരിയോ അത്തരം നടപടികളിലേക്ക് കടക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ആശുപത്രികൾക്ക് നൽകുന്ന വാർഷിക ഫണ്ട് വർദ്ധനവ് രണ്ട് ശതമാനമായി പരിമിതപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതി മാത്രമാണിത്. എന്നാൽ പ്രവർത്തന ആവശ്യങ്ങൾക്കായി 2.7 ബില്യൺ ഡോളർ കൂടി ആവശ്യമാണെന്നാണ് ഒൻ്റാരിയോ ഹോസ്പിറ്റൽ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. 1.5 മില്യൺ ഡോളർ വരെയുള്ള വീടുകൾക്ക് 1,30,000 ഡോളർ വരെ HST റീബേറ്റ് ലഭിക്കും. പുതിയ വീടുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ ബിൽഡർമാരോട് പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടു. നിലവിൽ 13.4 ബില്യൺ ഡോളറാണ് ഒൻ്റാരിയോയുടെ സാമ്പത്തിക കമ്മി. 2027-28 ഓടെ ബജറ്റ് കമ്മി നികത്തി സന്തുലിതാവസ്ഥയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവനം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു സന്തുലിത ബജറ്റായിരിക്കും ഇത്തവണത്തേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.