ഡോളര്‍ കരുത്തില്‍ സ്വര്‍ണ വിപണി ചാഞ്ചാട്ടം; മിനിമം റിസര്‍വ് സിസ്റ്റം പശ്ചാത്തലത്തില്‍ സാമ്പത്തിക നീക്കങ്ങള്‍

By: 600002 On: Mar 25, 2026, 1:08 PM



 

ഡോ. മാത്യു ജോയ്‌സ് 

ഇന്ത്യയില്‍ നിലവിലുള്ള മിനിമം റിസര്‍വ് സിസ്റ്റം പ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കുറഞ്ഞത് 200 കോടി രൂപയുടെ കരുതല്‍ ധനം നിലനിര്‍ത്തേണ്ടതാണ്. ഇതില്‍ 115 കോടി രൂപ സ്വര്‍ണ്ണമായും 85 കോടി രൂപ വിദേശ സെക്യൂരിറ്റികളായും നിലനിര്‍ത്തുന്നു. ആര്‍ബിഐ പുറത്തിറക്കുന്ന മുഴുവന്‍ കറന്‍സിക്കും ഈ കരുതല്‍ ധനം നിയമപരമായ പിന്തുണ നല്‍കുന്നു. നിയമപരമായ കുറഞ്ഞ പരിധിക്ക് മുകളിലുള്ള കറന്‍സി പുറപ്പെടുവിക്കല്‍ സ്വര്‍ണ്ണമോ വിദേശ നിക്ഷേപങ്ങളോ കൊണ്ട് നിയന്ത്രിക്കപ്പെടുന്നില്ലെന്നതാണ് നിലവിലെ സംവിധാനത്തിന്റെ പ്രധാന സവിശേഷത.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ ആഗോള സാമ്പത്തിക പ്രവണതകളില്‍ മാറ്റമുണ്ടാക്കുകയാണ്. സ്വര്‍ണ്ണത്തോടുള്ള പരമ്പരാഗത ആശ്രയത്തിലും അമേരിക്കന്‍ ഡോളറിനോടുള്ള സമീപനത്തിലും മാറ്റങ്ങള്‍ കാണപ്പെടുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന സ്വര്‍ണ്ണത്തിന്റെ സ്ഥാനത്തിലും ചെറിയ ചലനങ്ങള്‍ പ്രകടമാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി 29ന് സ്‌പോട്ട് വില 5597.23 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തി. ഈ കുതിച്ചുയര്‍ച്ച നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചുവെങ്കിലും, വിപണിയില്‍ പിന്നീട് ചാഞ്ചാട്ടം ശക്തമായി. ഇതോടൊപ്പം വെള്ളി വിലയില്‍ വലിയ ഇടിവും രേഖപ്പെടുത്തി. ജനുവരി 29ന് 121.67 ഡോളര്‍ ആയിരുന്ന വെള്ളി വില ഇപ്പോള്‍ 6870 ഡോളര്‍ നിരക്കിലേക്ക് കുറഞ്ഞ് ഏകദേശം 44 ശതമാനം ഇടിവാണ് ഉണ്ടായത്.

വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ആഗോള അസ്ഥിരതയുടെ പശ്ചാത്തലത്തില്‍ ഡോളറിന്റെ കരുത്ത് വര്‍ധിച്ചതാണ് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന പ്രധാന ഘടകം. കേന്ദ്രബാങ്കുകള്‍ പലിശനിരക്കു ഉയര്‍ത്തിയതോടെ നിക്ഷേപ പലിശ വര്‍ധിക്കുകയും, ഡോളര്‍ കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്തു. യു.എസ് ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ജപ്പാന്‍ തുടങ്ങിയ കേന്ദ്രബാങ്കുകളുടെ നയങ്ങള്‍ ഇതില്‍ നിര്‍ണായകമായി.

ഇപ്പോള്‍ ഡോളര്‍ ഇന്‍ഡക്‌സ് 99100 നിലവാരത്തിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡോളര്‍ വീണ്ടും മുന്‍തൂക്കം നേടുന്നതായി സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതോടൊപ്പം സ്വര്‍ണ ബോണ്ടുകളിലെ വരുമാനവും വര്‍ധിച്ചുവരുന്നു.

ഇതിനിടെ, ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കൊച്ചിയില്‍ ഇന്നലെ ഗ്രാമിന് 2160 രൂപ കുറഞ്ഞ ശേഷം ഉച്ചയോടെ 1880 രൂപ ഉയര്‍ന്നു. രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,100 രൂപയും പവന് 280 രൂപ കുറഞ്ഞ് 1,04,800 രൂപയുമായി. ഈ മാസം ഇതുവരെ സ്വര്‍ണവില പവന് 22,120 രൂപയും ഗ്രാമിന് 2765 രൂപയും കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,825 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയി ഔണ്‍സിന് 4400 ഡോളര്‍ നിരക്കിലാണ്.

സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, ഡോളറിന്റെ കരുത്തും സ്വര്‍ണവിലയിലെ ചാഞ്ചാട്ടവും അടുത്ത കാലത്തും വിപണിയില്‍ നിര്‍ണായക ഘടകങ്ങളായി തുടരുമെന്നതാണ് വിലയിരുത്തല്‍.